ദുബൈ: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായി ബി ജെ പി വക്താവായിരുന്ന നൂപൂര്‍ ശര്‍മയും ഡല്‍ഹി മീഡിയ യൂണിറ്റ് തലവനായിരുന്ന നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച പ്രവാസികളെ കുവൈറ്റ് അറസ്റ്റ് ചെയ്ത് നാടുകടത്തും. ഇത്തരം പ്രതിഷേധങ്ങള്‍ കുവൈത്തില്‍ നിയമവിരുദ്ധമാണെന്നതിനാലാണിത്.
കുവൈറ്റിലെ ഫഹാഹീല്‍ പ്രദേശത്ത് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കുശേഷമാണു പ്രതിഷേധം നടന്നത്. പ്രവാസികളുടെ കുത്തിയിരിപ്പ് സമരങ്ങളും പ്രകടനങ്ങളും ഉൾപ്പെടയുള്ള പ്രതിഷേധങ്ങൾ കുവൈത്തില്‍ നിയമവിരുദ്ധമാണ്. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച പ്രതിഷേധക്കാരെ പിടികൂടി അവരുടെ രാജ്യങ്ങളിലേക്കു നാടുകടത്തുവെന്നു കുവൈറ്റ് അറിയിച്ചതായി സൗദി അറേബ്യയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രമായ അറബ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
”ഡിറ്റക്ടീവുകള്‍ അവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ്. തുടര്‍ന്ന് അവരുടെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കു മാറ്റി അതതു രാജ്യങ്ങളിലേക്ക് അയയ്ക്കും. കുവൈത്ത്ില്‍ വീണ്ടും പ്രവേശിക്കുന്നത് നിരോധിക്കുകയും ചെയ്യും,” കുവൈറ്റ് പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രവാസികള്‍ ഏത് രാജ്യക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല.
നൂപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് കുവൈറ്റ്.
Also Read: പ്രവാചകനെതിരായ പരാമര്‍ശം സർക്കാരിന്റെ കാഴ്ചപ്പാടുകളുടെ പ്രതിഫലനമല്ല: വിദേശകാര്യ മന്ത്രാലയം
ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജിനെ വിളിച്ചുവരുത്തി, പ്രവാചകനെതിരായ പ്രസ്താവനകളെ കടുത്ത ഭാഷയില്‍ അപലപിക്കുകയും തള്ളുകയും ചെയ്യുന്നതായുള്ള ഏഷ്യാ അഫയേഴ്സ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറിയതായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കുവൈറ്റ് ഉള്‍പ്പെടെ ഡസന്‍ മുസ്ലീം രാജ്യങ്ങള്‍ വിവാദ പരാമര്‍ശങ്ങളെ അപലപിച്ചു.
വിവാദ പരാമര്‍ശത്തിനു പിന്നാലെ ബി ജെ പി നൂപുര്‍ ശര്‍മയെ സസ്പെന്‍ഡ് ചെയ്യുകയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച ബി ജെ പി പ്രസ്താവനയെ കുവൈറ്റ് സ്വാഗതം ചെയ്തിരുന്നു.
കുവൈറ്റിലെ ഇന്ത്യക്കാരുടെ എണ്ണം 2019-ല്‍ 10 ലക്ഷം കവിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുവൈറ്റിലെ ഏറ്റവും വലതും ഏറ്റവും സ്വീകാര്യതയുമുള്ള പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍. ഇന്ത്യന്‍ സമൂഹം പ്രതിവര്‍ഷം 5-6 ശതമാനം വളര്‍ച്ച തുടരുന്നുമുണ്ട്.