കുവൈത്ത് സിറ്റി: ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയായ തൗഹീദി പ്രബോധന രംഗത്ത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അടിസ്ഥാനമാക്കി സലഫുസ്സ്വാലീഹുകളുടെ മാതൃക പിന്‍പറ്റിയാണ് കേരളത്തില്‍ മുജാഹിദുകള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മുജാഹിദ് ഐക്യം പ്രബോധന രംഗത്ത് കൂടുതല്‍ ഊർജം പകരുമെന്നും കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാന സെക്രട്ടറി എം.അബ്ദുറഹിമാന്‍ സലഫി പറഞ്ഞു. ഫര്‍വാനിയ മെട്രോ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കൺവന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തില്‍ വര്‍ധിച്ച് വരികയാണെന്നും വാണിജ്യ താല്‍പര്യത്തോടെ വിശ്വാസ ജീര്‍ണത പ്രചരിപ്പിക്കുന്നത് സമൂഹത്തിന്‍റെ അധഃപതനമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാഹി സെന്‍ററുകള്‍ ചെയ്യുന്ന സേവനങ്ങളും ദഅ്വ പ്രവര്‍ത്തനങ്ങളും വളരെ ശ്ലാഘനീയമാണെന്നും അബ്ദുറഹിമാന്‍ സലഫി വിശദീകരിച്ചു.

മുജാഹിദ് ഐക്യം കേരളത്തില്‍ മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതാണെന്നും മധ്യസ്ഥർ ഇല്ലാതെ ഇരുവിഭാഗം ആദര്‍ശപരവും സംഘടനാപരവുമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് ഐക്യപ്പെട്ടത് മാതൃകാപരമായ ഒരു സംരംഭമാണെന്നും കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എ.അസ്ഗറലി പറഞ്ഞു. കേരള മുസ്‌ലിമുകളുടെ നവോത്ഥാനത്തിന് തുടക്കം കുറിച്ച കേരള മുസ്‌ലിം ഐക്യ സംഘത്തിന്‍റെ പിന്‍മുറക്കാര്‍ക്ക് ഈ ഐക്യം കൂടുതല്‍ ആത്മ വിശ്വാസവും ഊർജവും പകരുന്നതാണെന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിംകൾക്ക് കൂടി ഈ ഐക്യം പ്രചോദനമാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ലോകത്ത് മുസ്‌ലിംകളും അല്ലാത്തവരും ഇന്ന് യുദ്ധ ഭീഷണിയിലും സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. തീവ്രവാദവും യുദ്ധവും സമൂഹത്തിന്‍റെ തകര്‍ച്ചക്കല്ലാതെ പുരോഗതിക്ക് സഹായകരമാവുകയില്ല എന്ന തിരിച്ചറിവ് ഉണ്ടാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മലയാളികള്‍ വസിക്കുന്ന ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഇസ്‌ലാഹി കൂട്ടായ്മകള്‍ രൂപപ്പെട്ടുവരികയാണെന്നും ഇത് ഇസ്ലാഹി സെന്‍ററുകളുടെ വിപുലീകരണത്തിന് ശക്തിപകരുമെന്നും അസ്ഗറലി പറഞ്ഞു.

സംഗമത്തില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ പ്രസിഡന്‍റ് എം.ടി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, ജോ. സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത്, ഖ്യു.എച്ച്.എല്‍.എസ് സെക്രട്ടറി ഹാരിസ് മങ്കട എന്നിവര്‍ സംസാരിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി, വൈസ് പ്രസിഡന്‍റുമാരായ അബ്ദുറഹിമാന്‍ അടക്കാനി, വി.എ.മൊയ്തുണ്ണി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ