മനാമ: കുട്ടികളുടെ പ്രിയ കവിയായ കുഞ്ഞുണ്ണി മാഷിന് സ്മരണാജ്ഞലി അർപ്പിച്ചു കൊണ്ട് കുട്ടികൾ അവതരിച്ച “കണ്ണുകൾ രണ്ട് കാഴ്ച ഒന്ന് ” എന്ന കുട്ടിക്കവിതകളുടെ സായാഹ്നം ശ്രദ്ധേയമായി. ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ഭാഷാ സാഹിത്യ വേദിയായ അക്ഷരമുറ്റത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അൻപതോളം കുട്ടികൾ നുറ്റിയൊന്ന് കുഞ്ഞുണ്ണിക്കവിതകൾ അവതരിപ്പിച്ചത്.

മാതൃഭാഷാ പഠനത്തോടൊപ്പം കുട്ടികളുടെ ഭാഷ – സാഹിത്യ അഭിരുചികൾ കണ്ടെത്തി അവയെ വികസിപ്പിക്കുന്നതിനുള്ള മലയാള പാഠശാലയുടെ പ്രതിമാസ വേദിയായ അക്ഷരമുറ്റത്തിന്റെ ഉദ്ഘാടനം ചിത്രകാരനും അധ്യാപകനുമായ ചിക്കുസ് ശിവൻ നിർവഹിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പുസ്‌തകങ്ങൾ സമ്മാനമായി നൽകി. തിരഞ്ഞെടുത്ത ചില പുസ്‌തകങ്ങൾ സമാജം വായനശാലയിലെ കുട്ടികളുടെ വിഭാഗത്തിലേക്ക് വിനയചന്ദ്രനും ദിലീഷ് കുമാറും ഏറ്റുവാങ്ങി.

bahrain

ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി എൻ.കെ.വീരമണി, അസിസ്റ്റൻറ് സെക്രട്ടറി മനോഹരൻ പാവറട്ടി, സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി.ഫിലിപ്പ്, പാഠശാലാ കൺവീനർ ബിജു.എം.സതീഷ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി “ചെറിയ കവിതകളുടെ വലിയ തമ്പുരാൻ ” എന്ന വിഷയത്തിൽ അധ്യാപികയായ ഗീത ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി. പത്രപാരായണം, പുസ്‌തക അവലോകനം, വ്യക്തിപരിചയം, സ്ഥലനാമ ചരിത്രങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അടുത്ത മാസങ്ങളിൽ നടത്തുന്ന അക്ഷരമുറ്റത്തിൽ പാഠശാല വിദ്യാത്ഥികളോടൊപ്പം മറ്റ് കുട്ടികൾക്കും പങ്കെടുക്കാവുന്നതാണെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ