മനാമ: റിപ്പബ്ലിക്ക് ദിനത്തില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മശ്രീ ലഭിച്ചതില്‍ കൊയിലാണ്ടിക്കാര്‍ ആഹ്ലാദം പങ്കിട്ടു. കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബല്‍ ഫെയ്സ്ബുക്ക് കൂട്ടായ്മയായ കൊയിലാണ്ടി കൂട്ടത്തിന്റെ ബഹ്‌റൈന്‍ ചാപ്റ്റര്‍ ഭാരവാഹികളും പ്രവര്‍ത്തകരുമാണ് ആഹ്ലാദം പങ്കുവച്ചത്.

2015ല്‍ നടന്ന കൊയിലാണ്ടി കൂട്ടത്തിന്റെ ഗ്ലോബല്‍ മീറ്റ്, ഫന്തരീന ഫെസ്റ്റ് പരിപാടിയിലെ മുഖ്യാതിഥിയായി എത്തിയ ഗുരു ചേമഞ്ചേരി നൂറാം പിറന്നാള്‍ ആഘോഷിച്ചത് ബഹ്‌റൈനില്‍ വച്ചായിരുന്നു. ഗുരുവിന്റെ കുടുബാംഗങ്ങള്‍, ബഹ്‌റൈന്‍ സന്ദര്‍ശനം ഗുരുവിനു നല്‍കിയ സന്തോഷം ഒരിക്കല്‍ക്കൂടി എടുത്തു പറഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ ബഹ്‌റൈനില്‍ നിലനില്‍ക്കുന്ന മതേതര മനസ്സ് എല്ലാ വേദികളിലും അദ്ദേഹം എടുത്തുപറയാറുണ്ട്.

മടന്‍കണ്ടി ചാത്തുകുട്ടിനായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂണ്‍ 26ന് കൊയിലാണ്ടി ചേമഞ്ചേരിയില്‍ ജനിച്ചു. 15-ാം വയസ്സില്‍ വാരിയംവീട്ടില്‍ നാടകസംഘത്തിന്റെ ‘വള്ളിത്തിരുമണം’ നാടകത്തോടെ രംഗപ്രവേശം നടത്തിയ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദര്‍ശിപ്പിച്ചു. 1977ല്‍ മലബാര്‍ സുകുമാരന്‍ ഭാഗവതരോടൊപ്പം പൂക്കാട് കലാലയവും 1983ല്‍ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു. പത്തു കൊല്ലം കേരളസര്‍ക്കാര്‍ നടനഭൂഷണം എക്‌സാമിനറായും മൂന്നു വര്‍ഷം തിരുവനന്തപുരം ദൂരദര്‍ശന്‍ നൃത്തവിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും രണ്ടു വര്‍ഷം സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook