കുവൈത്ത് സിറ്റി: വെറും ലളിതയായിരുന്ന എന്നെ കലാ രംഗത്ത് ഇന്ന് എന്തെങ്കിലും ആക്കിയിട്ടുണ്ടെങ്കിൽ അതിന് പ്രധാനമായും കടപ്പെട്ടിരിക്കുന്നത് ചങ്ങനാശേരിയിലെ പാർട്ടിക്കാരോടാണെന്ന് നടി കെപിഎസി ലളിത. കുവൈത്തിൽ ഹ്രസ്വ സന്ദർശനാർഥം എത്തിയ ലളിത മാധ്യമ സുഹൃത്തുക്കളോടാണ് ഹൃദയം തുറന്നത്. ചങ്ങനാശ്ശേരി പ്രവാസി അസോസിയേഷന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് കെപിഎസി ലളിത കുവൈത്തിൽ എത്തിയത്. ജീവ കാരുണ്യ പ്രവർത്തനം നടത്തിയാണ് താനും സാമൂഹ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

നാടക സിനിമാ രംഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും തന്റെ നിലപാടുകൾ വ്യക്തമാക്കിയുള്ള മറുപടി നൽകാനും കെപിഎസി ലളിത മറന്നില്ല. പുതിയ കാലം എന്നുള്ളത് എക്കാലത്തും പുതിയതാണ്, അതുകൊണ്ടുതന്നെ ചിലർക്ക് അത് വേഗത്തിൽ സ്വീകരിക്കാൻ ബുദ്ധിമുട്ടാകും. എന്നാൽ പൊതുവെ പുതിയ സാങ്കേതങ്ങൾ സിനിമാ നാടക രംഗത്തെ സജീവമാക്കിയെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് അവർ പറഞ്ഞു.

കേരള സംഗീത നാടക അക്കാദമിയെ സൂര്യകൃഷ്ണ മൂർത്തി തുടങ്ങിവച്ചിടത്ത് നിന്നും മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് അക്കാദമിയുടെ ചുമതലക്കാരിയെന്ന നിലയിൽ ചെയ്യാനുള്ളതെന്നും കെപിഎസി ലളിത പറഞ്ഞു. നാടകത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികളാണ് അക്കാദമി ആവിഷ്‌ക്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 15 ന് അമേച്ചർ നാടക മത്സരം സംഘടിപ്പിക്കുന്നുണ്ട്. തുടർന്ന് ഗൾഫ് മേഖലയിലും അക്കാദമി പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും അവർ പറഞ്ഞു.

പിണറായി വിജയന്റ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനം ഏറെ മതിപ്പുളവാക്കുന്നതാണെന്നും കെപിഎസി ലളിത പറഞ്ഞുവെച്ചു. കേരളത്തിന്റെ അന്ന ദാത്താക്കളായ പ്രവാസി മലയാളികളെ ആർക്കും മറക്കാൻ കഴിയില്ലെന്നും, അവരില്ലെങ്കിൽ ഒരർത്ഥത്തിൽ കേരളം നിശ്ചലമാകുമെന്നും കെപിഎസി ലളിത പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ