റിയാദ്: പ്രവാസത്തിന്റെ കനൽപഥങ്ങളിൽ വസന്തം വിരിയിച്ച പാട്ടുകാരനാണ് കോഴിക്കോട് ഖാദർ ഭായ്. കൈകളിൽ കാരിരുമ്പ് എടുക്കുമ്പോഴും തന്റെ സ്വരമാധുര്യം ഖാദർ ഭായ് നിധിപോലെ സൂക്ഷിക്കുന്നു. അനശ്വരഗായകൻ മുഹമ്മദ് റഫിയെ തന്റെ മനസ്സിലും സ്വരത്തിലും കൊണ്ടുനടക്കുന്ന ഖാദർ ഭായ് റിയാദിലെ ഇന്ത്യൻ കൂട്ടായ്മകളിൽ സുപരിചിതനാണ്.

പ്രശസ്തനായ എം.എസ്.ബാബുരാജിന്റെ ക്ലബിൽ പാടാൻ പോകുന്നത് ഖാദർ ഭായിയുടെ നാടോർമ്മകളിൽ പച്ചച്ച് നിൽക്കുന്നു. ബാബുരാജിന്റെ മകൻ തബലിസ്റ്റ് കൂടിയായ സുൽഫിയുമായി സഹവർത്തിത്വം ഗായകനെന്ന നിലയിൽ ഖാദറിന്റെ വളർച്ചയിൽ നിർണായകമായി. അപ്രതീക്ഷിതമായാണ് രണ്ട് പതിറ്റാണ്ട് മുമ്പ് പ്രവാസലോകത്തെത്തുന്നത്. ജീവിത പ്രാരാബ്ധങ്ങളുടെ നടുക്കയത്തിൽ നിന്ന് മോചനമായിരുന്നു ലക്ഷ്യം. നാടുവിട്ടപ്പോൾ മങ്ങലേറ്റത് ഖാദർ ഭായിയുടെ സംഗീത സ്വപ്നങ്ങൾക്കായിരുന്നു. മുഹമ്മദ് റാഫിയുടെ “ബഡീ ദൂർ സെ” പാടി കോഴിക്കോടിന്റെ വേദികളിൽ തിളങ്ങി നിന്നിരുന്ന ഖാദർ ഒരിക്കലും നിനച്ചിരുന്നില്ല പ്രവാസത്തിന്റെ ഊഷരത തന്റെ സംഗീത തപസ്യക്ക് മുടക്കം വരുത്തുമെന്ന്.

abdul khader

അബ്ദുൽഖാദർ ജോലിസ്ഥലത്ത്

ഗൾഫിലെത്തിയ ഖാദറിനെ പ്രവാസി കലാകാരന്മാർക്കിടയിൽ പരിചയപ്പെടുത്തുന്നതും വേദികൾ നൽകുന്നതും റിയാദിലെ കലാകാരന്മാരായ ഇല്യാസ് മണ്ണാർകാടും കൃഷ്ണകുമാറുമാണ്. റിയാദിൽ പ്രവാസി സംഘടനകളുടെ വേദിയിലൊക്കെ പാടിയിട്ടുണ്ടെങ്കിലും റിയാദ് ഇന്ത്യൻ എംബസി സംഘടിപ്പിച്ച സംഗീത പരിപാടിയിലെ പ്രൗഢഗംഭീര സദസ്സിൽ പാടാൻ അവസരം ലഭിച്ചതാണ് ഖാദറിന്റെ സൗദിയിലെ ആദ്യത്തെ അവസരം. കോട്ടും സ്യൂട്ടുമില്ലാതെ പാടാൻ വേദിയിൽ കയറിയപ്പോൾ സദസ്സിന്റെ തണുത്ത പ്രതികരണം ഖാദർ ഇന്നും ഓർക്കുന്നു. മൈക് കയ്യിലെടുത്ത് പടച്ചോനെയും റഫി സാബിനെയും മനസ്സിൽ ധ്യാനിച്ച് “മുജേ ഇഷ്‌ക് ഹേ തുജീസേ” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചു തുടങ്ങിയപ്പോഴേക്കും സദസ്സാകെ ആർത്തിരമ്പി. കൂടെ പാടിയും കയ്യടിച്ചും ചുവട് വെച്ചും സദസ്സ് ഒപ്പം കൂടി പ്രോത്സാഹിപ്പിച്ചു. “റാഫി സാബ് കാ ആവാസ് വാപ്പസ് മിൽക്കയാ ” (റഫി സാബിന്റെ ശബ്ദം ഞങ്ങൾക്ക് തിരിച്ചു കിട്ടി ) എന്ന് ചിലർ വിളിച്ച്പറയുന്നുണ്ടായിരുന്നു. അംബാസഡർ ഉൾപ്പടെ വിവിഐപികൾ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി അഭിനന്ദിച്ചു. നന്ദി പറഞ്ഞു. സ്റ്റേജ് വിടുമ്പോൾ ഒരു പിൻവിളി “റാഫി സാബ് ഇതാറായിയെ” അന്നത്തെ ഇന്ത്യൻ അംബാസഡർ കമാലുദ്ദീൻ അഹമ്മദായിരുന്നു അത്. വീണ്ടും വേദിയിലേക്ക് വിളിച്ചു കയറ്റി സദസ്സിനെ സാക്ഷി നിർത്തി പ്രോത്സാഹന സമ്മാനം നൽകി. അത് ഇന്നും മധുര ഓർമയായി ഖാദർ മനസ്സിൽ സൂക്ഷിക്കുന്നു.

അഭിനവ ഗായകരെ പോലെ കാലത്തിനൊത്ത്‌ ആധുനിക രീതിയിലുള്ള വേഷം അണിയാൻ കഴിയാത്തതും ഒരു ഗായകന്റെ ലുക്കില്ലാത്തതും പലപ്പോഴും അവസരങ്ങൾ നഷ്‌ടപ്പെടുത്തുന്നതായി ഖാദർ പറയുന്നുണ്ടെങ്കിൽ അതിലൊന്നും പരിഭവമില്ല ഈ കലാകാരന്. കഴിഞ്ഞ ഇരുപത് വർഷമായി റിയാദിലെ ഒരു നിർമ്മാണ കമ്പനിയിലെ നിർമ്മാണ തൊഴിലാണിയാണ് ഖാദർ. ജോലിസ്ഥലത്തും ഖാദറിന്റെ മധുര സ്വരത്തിന് ആരാധകരെറെയാണ്. പാക്കിസ്ഥാനികളും പഞ്ചാബികളുമാണ് ആരാധകരിൽ നല്ലൊരു ഭാഗവും. രാവിലെ ജോലിക്കെത്തുന്ന സഹപ്രവർത്തകർ “റാഫി സാബ് ആഗയാ കാം ശുറൂ കരേഗ” (റഫി സാബ് എത്തി ഇനി ജോലി തുടങ്ങാം) എന്ന് പറഞ്ഞാണ് ഖാദറിനെ സ്വാഗതം ചെയ്യുന്നത് തന്നെ. പ്രോഗ്രാമുള്ള ദിവസങ്ങളിൽ നല്ല ഡ്രസ്സ് വാങ്ങി തന്ന് പരിപാടിക്ക് പോകാൻ പ്രോത്സാഹിപ്പിക്കുന്ന കമ്പനിയിലെ മാനേജർ പാലക്കാട് സ്വദേശി ഗോപാൽ സാറിനെ കുറിച്ച് പറയാൻ ഖാദറിന് വാക്കുകളില്ല. വിഖ്യാത സൗദി ഗായകൻ മുഹമ്മദ് അബ്ദു അൽ ഉഥ്മാൻ അൽ അസീരിയുടെ പാട്ടാണ് ഓഫിസിലെ സൗദികൾ സ്ഥിരമായി കേൾക്കുന്നത്. ഇത് മനസ്സിലാക്കിയ ഖാദർ മുഹമ്മദ് അബ്ദുവിന്റെ പാട്ടുകൾ മനഃപാഠമാക്കി അതെ സ്വരത്തിൽ അവർക്കു മുമ്പിൽ പാടി. ഇന്നവരും ഖാദറിന്റെ പാട്ടിന്റെ ആരാധകരാണ്. കമ്പനിയിൽ അബ്ദുൽ ഖാദറെന്ന പേര് വളരെ ചുരുക്കം പേർക്കെ അറിയൂ. പാക്കിസ്ഥാനികളും പഞ്ചാബികളും മറ്റ് രാജ്യക്കാരും റഫി സാബെന്നാണ് വിളിക്കുന്നത്. അറബികൾക്ക് മുഹമ്മദ് അബ്ദുവാണ് ഖാദർ ഭായി.

നാട്ടിൽ പ്രമുഖർക്കൊപ്പം പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ വരികളെഴുതിയും പാടിയും മലയാളിയെ വിസ്മയിപ്പിച്ച എ.വി.മുഹമ്മദ്, അനുഗ്രഹീത ഗായകൻ രണ്ടത്താണി ഹംസ എന്നിവരോടൊപ്പം പാടിയിട്ടുണ്ട്. മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ മാത്രമല്ല കിഷോർ കുമാർ, മുകേഷ്, ഉദിത് നാരായൺ, കുമാരസ്വാമി തുടങ്ങിയവരുടെ പാട്ടുകളും ഏറെ ഇഷ്‌ടമാണ്‌ ഖാദറിന്. കോഴിക്കോട് മീഞ്ചതയിലെ ചുമട്ട് തൊഴിലാളിയായിരുന്ന മലപ്പുറം പാങ്ങ് കരേക്കാട് സ്വദേശിയാണ്.

കോഴിക്കോട് മീഞ്ചതയിലെ ചുമട്ട് തൊഴിലാളിയായിരുന്ന പിതാവ് അലവി പാട്ട് പാടുന്നതിനോടും ആസ്വദിക്കുന്നതിനോടും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ പാടാതിരിക്കാൻ ഖാദറിനാവില്ല. മലപ്പുറം പാങ്ങ് കരേക്കാട് സ്വദേശി അലവിയുടെയും താനൂർ പുത്തൻതെരു സ്വദേശി ഇമ്പിച്ചി പാത്തുമ്മയുടെയും മകനായ അബ്ദുൽഖാദർ ഇപ്പോൾ കോഴിക്കോട് കൊളത്തറ സ്വദേശിയാണ്. ഭാര്യ ഷാഹിദയുടെ പിന്തുണയും പ്രോത്സാഹനവും പ്രതിസന്ധികൾ അതിജീവിക്കുന്നതിന് തുണയായിട്ടുണ്ടെന്ന് അബ്ദുൽഖാദർ പറയുന്നു. ജംഷീറ, സെർജിന, സെഹ്‌റ, നൗഫിയ എന്നീ നാല് പെൺകുട്ടികളാണ് എല്ലാവരും പാട്ടിൽ അഭിരുചിയുള്ളവരാണ്. പക്ഷെ ജീവിതത്തിലെ പ്രതികൂല സാഹചര്യം ഖാദറിനെ പ്രവാസിയാക്കിയപ്പോൾ അവരെ പ്രോത്സാഹിപ്പിക്കാനും സംഗീതം അഭ്യസിപ്പിക്കാനും കഴിഞ്ഞില്ല എന്ന വേവലാതി പുറത്ത് പറയാൻ അബ്ദുൽഖാദർ മടിച്ചില്ല.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ