കുവൈത്ത് സിറ്റി: കോട്ടയം സിഎംഎസ് കോളേജിന്റെ ഇരുന്നൂറാമത് വാർഷികാഘോഷം സിഎംഎസ് അലുമിനി വിദ്യാസൗഹൃദം കുവൈത്ത് ചാപ്റ്റർ നവംബർ 24 വെള്ളിയാഴ്ച വിപുലമായി ആഘോഷിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. വൈകുന്നേരം 6:30 ന് അർദിയ ഡയമണ്ട് ബാൾ റൂമിൽ കേരളാ മുൻമുഖ്യമന്ത്രിയും സിഎംഎസ് കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ ഉമ്മൻ ചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും. സിഎംഎസ് കോളേജ് പ്രിൻസിപ്പൽ ഡോ.റോയ് സാം ഡാനിയേൽ, ഫിൽസൺ മാത്യൂസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ഓവർസീസ് മെഗാഫെസ്റ്റായി കുവൈത്ത് ചാപ്റ്റർ ഇരുന്നൂറാമത് വാർഷികാഘോഷം നടത്തുമ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നായി ഇരുപതോളം വിദ്യാസൗഹൃദം പ്രതിനിധികൾ ആഘോഷ ചടങ്ങിൽ പങ്കെടുക്കുവാൻ എത്തുന്നുണ്ട്.

വാർഷികത്തോട് അനുബന്ധിച്ച് കുവൈത്ത് ചാപ്റ്റർ പ്രഖ്യാപിച്ച ‘വിദ്യാസൗഹൃദം പ്രവാസി കീർത്തി 2017 അവാർഡ് ‘ ഖത്തറിൽ നിന്നുമുള്ള സിഎംഎസ് കോളേജ് പൂർവ്വ വിദ്യാർത്ഥി ഡോ.മോഹൻ തോമസ്സിനു നൽകും. കൂടാതെ ‘വിദ്യാസൗഹൃദം പ്രവാസി എന്റർപ്രണർ അവാർഡ് ‘ സൗദിയിൽ നിന്നുമുള്ള രാജു കുര്യനും നൽകും.

ചടങ്ങിനെ തുടർന്ന് മ്യൂസിക്കൽ നൈറ്റും നടക്കും. മ്യൂസിക്കൽ നൈറ്റിൽ പിന്നണിഗായകനായ ഉണ്ണി മേനോനും പിന്നണിഗായിക രഞ്ജിനി ജോസിനുമൊപ്പം ഐഡിയ സ്റ്റാർ സിംഗർ ഫെയിം ലക്ഷ്മി ജയനും സിഎംഎസ് കോളേജിന്റെ പ്രതിഭകളായ കിഷോർവർമ്മ, അനുരൂപ്, സ്റ്റാൻലി തുടങ്ങിയവരും പങ്കു ചേരും. കൂടാതെ വിനോദ് വെഞ്ഞാറുംമൂടന്റെ ജർലിംഗ് ഷോയും ഉണ്ടായിരിക്കും.

ജനറൽ സെക്രട്ടറി സാം നന്ത്യാട്ട്, വൈസ് പ്രസിഡന്റ് സുരേഷ് തോമസ്സ്, ട്രഷറർ രാജേഷ് വർക്കി, പ്രോഗ്രാം കമ്മറ്റി കൺവീനർ ജോർജ് കോശി, റെജി ചാണ്ടി, ഷിബു കുര്യൻ, സിറിയക് ജോർജ് തുടങ്ങിയവരും മറ്റു എക്സിക്യുട്ടീവ് അംഗങ്ങളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ