മനാമ: ഇന്ത്യയുടെ മതേതരത്വത്തെ തച്ചുതകര്‍ക്കുന്നവര്‍ ഇന്ത്യ ഭരിക്കുന്നതാണ് ഇന്ത്യയുടെ ശാപമെന്ന് കെ.എം.ഷാജി എംഎല്‍എ. മുസ്‌ലിംലീഗിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്‌റൈന്‍ സംഘടിപ്പിച്ച ‘അഭിമാനകരമാ അസ്തിത്വം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വന്തം മക്കളെ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയിലേക്കു വിടുന്ന 2017 ലാണ് നമ്മള്‍ ജീവിക്കുന്നത് എന്നതാണ് ഒരുപക്ഷേ ഇന്ത്യയുടെ ഏറ്റവും വലിയ അഭിമാനമെന്ന് പറയുന്നത്. 1947 ല്‍ ഇന്ത്യ നമ്മുടെ കൈകളിലേക്ക് വരുമ്പോള്‍ ജനസംഖ്യ വെറും 37 കോടിയും സാക്ഷരത വെറും 12 ശതമാനം മാത്രമായിരുന്നു. അവിടെ നിന്ന് ജനസംഖ്യ 127 കോടിയും സാക്ഷരത 76 ശതമാനവുമായി ഉയര്‍ന്നു. ഇന്ത്യ വളര്‍ന്നത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണവും ബാങ്കുകളുടെ ദേശസാത്കരണവും മൂലമായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇന്ത്യ മൂന്നാം ലോകരാജ്യങ്ങളുടെ പിറകിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇന്ത്യ മൂന്നാംലോകരാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ്. സായുധ ശക്തിയില്‍ ഇന്ത്യ ഇന്ന് അഞ്ചാം സ്ഥാനത്തുള്ളപ്പോള്‍, സാമ്പത്തിക ശക്തിയില്‍ ലോകത്തെ പത്തു ശക്തികളിലൊന്നാണ്. നെഹ്‌റുവിന്റെ പഞ്ചവത്സര പദ്ധതി, വിവിധ ഐഐടി പദ്ധതികള്‍, വലിയ ശാസ്ത്രസാങ്കേതിക യൂണിവേഴ്‌സിറ്റികള്‍, കുടിവെള്ളപദ്ധതിക്കും കൃഷിക്കും ആവശ്യമായ കൂറ്റന്‍ ഡാമുകള്‍ അങ്ങനെ ഇന്ത്യ വളര്‍ന്നത് നിരവധി പ്രയത്‌നങ്ങളിലൂടെയാണ്.

ഒരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ശിവസേനയ്ക്ക് പോലും പറയേണ്ടിവന്നു, നിങ്ങള്‍ ഇരിക്കുന്നത് ഇതെല്ലാം ഒരുക്കിവെച്ചിരിക്കുന്ന ഒരു ഇന്ത്യയുടെ മുകളിലാണെന്ന്. 36 കോടിയില്‍ നിന്ന് 127 കോടിയിലാകുമ്പോഴും സാക്ഷരത 76 ശതമാനത്തിലെത്തി വലിയ പുരോഗതിയിലേക്ക് കൊണ്ടുവന്നു നിര്‍ത്തിയത് രാജ്യത്തിന്റെ നിരന്തരമായ പോരാട്ടങ്ങളുടെയും പരിശ്രമങ്ങളുടെയും ഭാഗമായിട്ടാണ്. ഒരു സുപ്രഭാതത്തില്‍ വിരിഞ്ഞുവന്നതല്ല ഇന്ത്യ. ഈ പ്രയാണത്തില്‍ എല്ലാവരും ഭാഗമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

1948 ല്‍ മുസ്‌ലിംലീഗ് പിറക്കുമ്പോള്‍ എല്ലാവര്‍ക്കും വലിയ സംശയങ്ങളുണ്ടായിരുന്നു. കൂടാതെ രണ്ടു രീതിയിലുള്ള എതിര്‍പ്പുകളും. ഒരു ഭാഗത്ത് രാഷ്ട്രീയമായ എതിര്‍പ്പും മറുഭാഗത്തു സാമുദായികപരവും. അഭിമാനകരമായ അസ്തിത്വം എന്തെന്നു ചോദിച്ചാല്‍ ‘ഞാൻ നീ’ എന്ന് പറയുന്നതില്‍ നിന്നും ‘തരുന്നവര്‍ വാങ്ങുന്നവര്‍’ എന്നു പറയുന്ന നമ്മള്‍ എന്ന കാഴ്ചപ്പാടിലേക്കു ജനതയെ കൊണ്ടുവന്ന ചരിത്രമാണ്. അങ്ങനെ ഒരു കാഴ്ചപ്പാടിലേക്ക് അര്‍ഹമായതിനെ തടഞ്ഞുവെയ്ക്കരുത്, അഥവാ തടഞ്ഞുവെച്ചാല്‍ അധികാരത്തിന്റെ ഇടനാഴിയില്‍ ഞങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കാന്‍ പറയുന്ന ഒരുതലത്തിലേക്കു സമുദായത്തിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ ലീഗിന് കഴിഞ്ഞു. മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാനില്ലാത്ത ഒന്നാണെന്നും ഷാജി പറഞ്ഞു.

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മറ്റൊരു കാഴ്ചപ്പാടാണു കേരളത്തില്‍ നിലനില്‍ക്കുന്നത്. കേരളത്തിലെ മുസ്‌ലിം ജനതയെ ലീഗ് പഠിപ്പിച്ചത് തന്റെ അവകാശങ്ങളുടെ മുടിനാരിഴ പോലും വിട്ടുകൊടുക്കരുതെന്നും അതോടൊപ്പം തന്നെ മറ്റൊരു സമുദായത്തിന്റെ തലനാരിഴ അവകാശങ്ങള്‍ കവര്‍ന്നെടുക്കരുതെന്നുമാണ്. നിങ്ങള്‍ക്ക് പൊരുതാം, നിങ്ങള്‍ക്ക് അവകാശം ഉന്നയിക്കാം, പക്ഷേ ഒരു സമുദായത്തെയും വേദനിപ്പിച്ചുകൊണ്ടാകരുത്. ഈ മര്യാദയാണ് കേരളത്തിലെ മുസ്‌ലിം ജനതയെ പഠിപ്പിച്ചതെന്നു സി.എച്ചിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഓര്‍മിപ്പിച്ചു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മറ്റൊരു കാഴ്ചപ്പാടാണു കേരളത്തില്‍ നിലനില്‍ക്കുന്നത്. അതു തിരിച്ചറിയാനും രാഷ്ട്രീയം കൊണ്ടുവരാനും സാധിച്ചത് ഒരു കൂട്ടായ്മയാണ്. കേരളത്തിനു തുല്യതയില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. സുതാര്യമായി ജീവിക്കാന്‍ അത് മനുഷ്യനെ പഠിപ്പിച്ചു.

കേരളത്തിലെ യുഡിഎഫിന് നിലപാടുകളാണ് പ്രധാനം. കേരളത്തില്‍ ഫാസിസത്തിനെതിരെയും വര്‍ഗീയതയ്‌ക്കെതിരെയും ശക്തമായി പൊരുതിവന്നവരാണു യുഡിഎഫ് എംഎല്‍എമാര്‍. അങ്ങനെയുള്ള നിയമസഭാ സാമാജികരോട് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞാല്‍ മുഖ്യമന്ത്രി പിണറായി വിജയനല്ല ആരായിരുന്നാലും മുഖത്ത് കൈചൂണ്ടി പറയേണ്ടവരുടെ അടുത്ത് മറുപടി പറഞ്ഞിരിക്കും. സോഷ്യല്‍ മീഡിയ വഴിയാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ പ്രചാരണങ്ങള്‍ നടക്കുന്നത്. അടച്ചിട്ട മുറിയില്‍ പോലും വര്‍ഗീയത പറയുന്നവരെ അകറ്റി നിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനാമ അല്‍രാജ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെഎംസിസി.പ്രസിഡന്റ് എസ്.പി.ജലീല്‍ അധ്യക്ഷനായിരുന്നു. സയ്യിദ് ഫക്രുദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന ഇ.അഹമ്മദിന്റെ പേരില്‍ കെഎംസിസി പുറത്തിറക്കിയ ‘ഓർമ പുസ്തകം’ ലുലു എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ സുധീഷിന് കുമാറിന് നല്‍കി കെ.എം.ഷാജി പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും സെക്രട്ടറി കെ.പി.മുസ്തഫ നന്ദിയും പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ