റിയാദ്: രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക, സ്‌പോർട്‌സ്, വിനോദ നഗരിയായ ഖിദ്ദിയ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം സൽമാൻ രാജാവ് നിര്‍വ്വഹിച്ചു. റിയാദിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് 40 കിലോമീറ്റർ അകലെയുള്ള ഖിദ്ദിയ പ്രദേശത്ത് നടന്ന ചടങ്ങിന് രാജകുടുംബങ്ങളിലെ പ്രമുഖരും മന്ത്രിമാരും ബിസിനിസ് രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ഖിദ്ദിയ പ്രദേശത്ത് 334 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിൽ ആണ് വിനോദ വാണിജ്യ നഗരം ഒരുങ്ങുന്നത്. 2022ൽ ആദ്യഘട്ടം പൂർത്തിയാകും. ഡിസ്‌നിലാന്റിനേക്കാള്‍ പതിന്മടങ്ങ് വലിപ്പത്തില്‍ ഒരുങ്ങുന്ന വിസ്മയ നഗരത്തില്‍ ലോകോത്തര തീം പാര്‍ക്കുകള്‍, മോട്ടോര്‍ സ്‌പോര്‍ട്സ് സൗകര്യങ്ങള്‍, വിവിധ വർഗത്തിൽപെട്ട ജീവികളുള്ള സഫാരി പാർക്ക്, സിനിമാ ശാലകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മറ്റു വിനോദ പദ്ധതികൾ എന്നിവയുണ്ടാകും. 2017ഏപ്രിൽ ഏഴിനാണ് പദ്ധതി സംബന്ധിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപനം നടത്തിയത്. “ഡിസ്‌നിലാന്റിനു സൗദിയുടെ മറുപടി” എന്നാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഈ സ്വപ്നപദ്ധതി അറിയപ്പെടുന്നത്. 2022 ന് പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും.

നിർമ്മാണം പൂർത്തിയാകുന്നതോടെ ലോക വിനോദനഗര ഭൂപടത്തിൽ ഖിദ്ദിയ പ്രത്യേകം സ്ഥാനം കണ്ടെത്തുമെന്നാണ് കരുതുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെയും ആകർഷിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

വാർത്ത: സിജിൻ കൂവള്ളൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook