Latest News

മലയാളി പ്രവാസ ജീവിതത്തിന്റെ ഓർമ്മകൾ പേറുന്ന ഷാർജയിലെ ഖോർഫൊക്കാൻ ബീച്ച് മുഖം മിനുക്കുന്നു

നഗരതിരക്കിൽ നിന്ന് മാറി യുഎഇയുടെ പ്രകൃതിഭംഗി ആസ്വദിക്കാനിറങ്ങുന്ന സഞ്ചാരികൾക്ക് വിരുന്നൊരുക്കാൻ ഖോർഫൊക്കാൻ ബീച്ചൊരുങ്ങുന്നു

Khorfakkan Beach

ഷാർജ: മലയാളി പ്രവാസ ജീവിത ചരിത്രത്തിലെ നിർണായകമായ തീരമായ ഷാർജയിലെ ഖോർഫൊക്കാൻ ബീച്ച് പുതിയ വികസന പദ്ധതികളുമായി മുഖം മിനുക്കുന്നു. മലയാളി ജീവതത്തിന്റെ അകലും പിടിയും മാറ്റിയ ഗൾഫ് പ്രവാസത്തിന്റെ ആദ്യ നാളുകളിൽ തൊഴിൽ തേടി കടലനിക്കരെയുളള സ്വർഗം തേടി ലോഞ്ചുകളെത്തി ചേർന്ന പ്രധാന കടൽ തീരങ്ങളിലൊന്നാണ് ഖോർഫൊക്കാൻ എന്നാണ് പറയപ്പെടുന്നത്. ജോലി തേടിയുളള മലയാളിയുടെ ഗൾഫ് പ്രവാസത്തെ കുറിച്ച് പറയുന്ന രണ്ട് പ്രശസ്തമായ മലയാള സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മലയാളിയുടെ ഗൃഹാതുര സ്മരണകളുറങ്ങുന്ന ഈ തീരം മുഖംമിനുക്കി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങുകയാണ്.

നഗരതിരക്കിൽ നിന്ന് മാറി യുഎഇയുടെ പ്രകൃതിഭംഗി ആസ്വദിക്കാനിറങ്ങുന്ന സഞ്ചാരികൾക്ക് വിരുന്നൊരുക്കാൻ ഖോർഫൊക്കാൻ ബീച്ചൊരുങ്ങുന്നു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിർദേശപ്രകാരം വിനോദ സഞ്ചാരി കൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമടങ്ങുന്ന വിപുലമായ വികസന പദ്ധതി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്‌) പ്രഖ്യാപിച്ചു.

ഖോർഫൊക്കാൻ മുനിസിപ്പാലിറ്റി, ഷാർജ പൊതുനിർമാണ ഡയറക്ടറേറ് എന്നിവരുമായി ചേർന്ന് രണ്ടു ഘട്ടമായിട്ടാണ് ബീച്ച് വികസന പദ്ധതി നടപ്പാക്കുക. ബീച്ചിന്റെ തെക്ക് ഭാഗത്ത് തുറമുഖം തൊട്ട് റൗണ്ട് എബൌട്ട് വരെയുള്ള ആദ്യ ഘട്ടത്തിൽ ആംഫി തീയറ്റർ, നടപ്പാതകൾ, കുട്ടികൾക്കുള്ള കളിസ്ഥലം എന്നീ സൗകര്യങ്ങളുണ്ടാവും. കുടുംബ സമേതം കാഴ്ചകൾ ആസ്വദിചിച്ചിരിക്കാനുള്ള പ്രത്യേക പിക്നിക് സ്പോട്ടുകൾ, റെസ്റ്ററന്റുകൾ, കഫെ, ഇസ്ലാമിക് വാസ്തുശൈലിയിലുള്ള പൂന്തോട്ടം, കടലിൽ കുളിക്കുന്നവർക്കുള്ള വാഷ് റൂം സൗകര്യങ്ങൾ എന്നിവയും ആദ്യഘട്ടത്തിൽ സജ്ജീകരിക്കും.

Khorfakkan Beach

”യുഎഇയുടെ കിഴക്കൻ മേഖലയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നാണ് ഖോർഫൊക്കാൻ. കൂടുതൽ സൗകര്യമൊരുക്കുന്നതോടെ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാവുമെന്ന്” ശുറൂഖ്‌ എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ ജാസിം അൽ സർക്കാൽ പറഞ്ഞു.. “ഖോർഫൊക്കാന്റെ തനിമ സംരക്ഷിച്ചുകൊണ്ടു തന്നെ ഏറ്റവും മികച്ച നിലവാരത്തിലുള്ള വിനോദ-ആതിഥ്യ സംവിധാനങ്ങൾ പദ്ധതിയുടെ ഭാഗമായി ബീച്ചിലൊരുക്കും. ഇതു വഴി കിഴക്കൻ മേഖലയുടെ ഒന്നടങ്കമുള്ള വികസനത്തിനും വേഗം കൂടും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മലയാളികളെ സംബന്ധിച്ചിടത്തോളം യുഎഇയിലെ ഏറെ ഗൃഹാതുരമായ ഇടമാണ് ഖോർഫൊക്കാൻ. പ്രവാസത്തിന്റെ ആദ്യ കാലത്തെ അടയാളപ്പെടുത്തിയ ലോഞ്ചുകൾ വന്നിരുന്നത് ഖോർഫൊക്കാൻ തീരത്തായിരുന്നു. പ്രവാസത്തിന്റെ കഥ പറഞ്ഞ എംടി വാസുദേവൻ നായരുടെ ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’, സലിം അഹമ്മദിന്റെ ‘പത്തേമാരി’ തുടങ്ങിയ ചിത്രങ്ങൾ ഈ തീരത്ത് ചിത്രീകരിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായി വളരുമ്പോൾ മലയാളിയുടെ പ്രവാസ ജീവിതത്തിന്റെ ചരിത്രശേഷിപ്പുകളും അടയാളപ്പെടുത്തപ്പെടുമെന്നു പ്രതീക്ഷിക്കാം.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Khorfokkan beach is ready to carry tourist

Next Story
മൃതദേഹം കൊണ്ടുവരുന്നതിനുളള നിരക്ക് വർധന എയർ ഇന്ത്യ പിൻവലിച്ചുair india
The moderation of comments is automated and not cleared manually by malayalam.indianexpress.com