റിയാദ്: റിയാദ് കലാഭവന്റെ 2 -ാം വാര്‍ഷികത്തോടനുബന്ധിച്ച് അരങ്ങേറിയ 1921 ഖിലാഫത്ത് നാടകം റിയാദിന്റെ മണ്ണില്‍ ചരിത്ര വിജയമായി. അല്‍ ഹൈറിലെ അല്‍ ഒവൈദാ ഫാം ഹസിലെ ഓപ്പണ്‍ സ്റ്റേജില്‍ ശൈത്യത്തെ പ്രതിരോധിക്കാന്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു നാടകം അരങ്ങേറിയത്. ജനബാഹുല്യം കൊണ്ട് നാടകം അക്ഷരാര്‍ത്ഥത്തില്‍ ചരിത്ര വിജയമായി.
ഇതിനോടനുബന്ധിച്ച് റിയാദ് കലാഭവന്‍ ചെയര്മാന് റഫീഖ് മാങ്കേരിയുടെ അധ്യക്ഷതയില്‍ നടന്ന സാംസ്കാരിക പരിപാടി മുഖ്യപ്രായോജകരായിരുന്ന താജ് കോഡ് സ്റ്റോര്‍ എംഡി ഷാജഹാന് കല്ലമ്പലം ഉദ്ഘാടനം ചെയ്തു. എബിസി കാര്‍ഗോ സഹപ്രായോജകരായിരുന്നു. ചടങ്ങില്‍ അവശത അനുഭവിക്കുന്ന കലാകാരന്മാര്ക്ക് ഏര്‍പ്പെടുത്തിയ കലാസ്വാന്തന സ്പര്‍ശനത്തിന്റെ ഉദ്ഘാടനം ഇഖ്ബാല്‍ ഇടവിലങ്ങ് നിര്‍വഹിച്ചു. ജയന് തിരുമന, ആത്തിഫ്, ഷിബു, നിഷാദ്, സി.പി.മുസ്തഫ, അറ്റ്ലസ് മൊയ്തു, നവീദ്, ഉബൈദ് എടവണ്ണ, നാസര്‍ കാരന്തൂര്‍, സത്താര്‍ കായംകുളം, അലക്സ് കൊട്ടാരക്കര, അഷ്റഫ് മൂവാറ്റുപുഴ, റാഫി പാലക്കാട് എന്നിവര്‍ സംസാരിച്ചു.
ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. ഷാരോണ്‍ ഷെരീപ് സ്വാഗതവും വിജന് നെയ്യാറ്റിന്‍കര നന്ദിയും പറഞ്ഞു. ഹനീഫ് ആക്കാരിയ, നാസര്‍ ലെയ്സ്, സജി, ഗിരീഷ്, ജോര്‍ജ്ജ് കുട്ടി മാക്കൂളം, രാജന് കരിച്ചാല്‍, നിസാര്‍ പള്ളിക്കശ്ശേരില്, ജോസ് കടമ്പനാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ലോകമെമ്പാടുമുള്ള വര്‍ത്തമാന രാഷ്ട്രീയ, സാമൂഹിക പരിസരത്തു നിന്നാണ് ഒരു നൂറ്റാണ്ടിന് അപ്പുറത്തുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തെ ‘1921 ഖിലാഫത്ത്’ നാടകം കാണുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൊളോണിയല്‍ ആധിപത്യത്തെ അകറ്റി നിര്‍ത്താൻ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ഖിലാഫത്ത് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നതാണ് ചരിത്രം. വര്‍ത്തമാന കാലത്തെ ഫാസിസ്റ്റ് അധിനിവേശങ്ങള്‍ക്ക് എതിരേയും വര്‍ഗ്ഗീയ മുന്നേറ്റങ്ങളെ പിടിച്ചുകെട്ടാനും ഓരോ ഭാരതീയനും ചെറുത്തുനില്ക്കാനുള്ള മനഃപാഠ പുസ്തകമാണ് ഈ ചരിത്രം.
രാജ്യസ്നേഹ പ്രചോദിതമായി ഒരു സമൂഹം നടത്തിയ ധീരമായ പോരാട്ടവും അതേത്തുടര്ന്നുളവായ ഭീതിദമായ സാഹചര്യവും ഉള്‍ക്കരുത്തു കൊണ്ട് അതേ ജനത സധൈര്യം നേരിട്ടു. പോരാട്ട സമാനമായ ആ വഴികളില്‍ അവര്‍ക്ക് തണലേകിയവരെയും ദാഹജലം പകര്‍ന്നു നല്കിയവരെയും ആത്മവിശ്വാസം സമ്മാനിച്ചവരെയും അളവറ്റ നന്ദിയോടെ, അഭിമാനപൂര്‍വ്വം ഈ നാടകം സ്മരിക്കുന്നു. ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെ അതിക്രമങ്ങളും അതിരുകടന്നപ്പോള്‍ ചെറുത്തുനില്‍പ്പിനായി സംഘടിച്ചവര്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ മുന്‍നിരയിലേക്കിറങ്ങി. അതാണ് മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നാള്‍വഴികള്‍. ചരിത്ര മുഹൂര്‍ത്തങ്ങള്‍ വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല; മറിച്ച് അരങ്ങില്‍ ജീവിക്കുകയായിരുന്നു.
ജന്മിമാര് നാടുവാണിരുന്ന സാമൂഹിക സാഹചര്യം സ്ത്രീകളെയും പെണ്‍കുട്ടികളെയും നിരന്തരം പീഡനത്തിന് ഇരയായി. ബ്രിട്ടീഷ് പൊലീസിന്റെ അതിക്രമവും കൊളളയും താണ ജാതിക്കാരുടെ ജീവിതം കൂടുതല്‍ ദുഃസ്സഹമാക്കി. ഹിന്ദു-മുസ്ലിം സൗഹാർദ്ദം തകര്‍ക്കാനുളള ബ്രിട്ടീഷ് കുതന്ത്രങ്ങള്‍ മലബാറില്‍ പുതിയ ബ്രിട്ടീഷ് കലക്ടര്‍ ചാര്‍ജെടുത്തതോടെ പൊലീസ് അഴിഞ്ഞാടി. ചെറുത്തു നില്‍പ്പുകളെ തല്ലിച്ചതച്ചു. ഇതെല്ലാമായപ്പോള്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ നയിച്ച ആലി മുസ്ലിയാല്‍ ആയുധമെടുക്കാന്‍ ഖിലാഫത്ത് ഭടന്മാര്ക്ക് അനുമതി നല്കി. തമ്പ്രാക്കന്മാരുടെ സ്ത്രീ പീഡനങ്ങള്‍ ആവര്‍ത്തിച്ചതോടെ കൊയ്ത്തരുവാളുമായി എതിരിടാന്‍ സ്ത്രീകള്‍ക്ക് കരുത്ത് പകര്‍ന്നത് ഖിലാഫത്ത് പ്രസ്ഥാനമാണ്.
ഖിലാഫത്ത് പ്രസ്ഥാനത്തെ നയിച്ച ആലി മുസ്ലിയാര്‍ക്കെതിരെ നിരവധി കളളക്കേസുകള്‍ ചുമത്തി. തൂക്കുകയറിന് മുന്നില്‍ നിന്നു നാടിനും നാട്ടുകാര്‍ക്കും വേണ്ടി ധീരതയോടെ ശബ്ദമുയര്‍ത്തിയത് ദേശസ്നേഹത്തിന്റെ അടയാളമായി മാറി. മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നാള്‍വഴികള്‍ പുതുതലമുറക്കു പരിചയപ്പെടുത്തുന്ന വികാര നിര്‍ഭരമായ ചരിത്ര മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് നാടകം അരങ്ങേറിയത്.
ജയന് തിരുമന രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തിന്റെ ദീപ സംവിധാനം ഇഖ്ബാല്‍ എടവിലങ്ങാണ്. സഹസംവിധാനം ഷാരോണ്‍ ഷെരീഫും നിര്‍വഹിച്ചു. സംഗീതം നൗഷാദ് കിളിമാനൂരും സംഗീത നിയന്ത്രണം വിജയകുമാറും നിര്‍വ്വഹിച്ചു. ഓര്‍ക്കസ്ട്ര, ഇല്ല്യാസ് മണ്ണാര്‍ക്കാട്, ബിജു, നൗഷാദ് തിരൂര്‍. കലാസംവിധാനം ബൈജു ദിവാകരന്, വിനോദ്, ശബ്ദനിയന്ത്രണം ക്യഷ്ണകുമാര്‍, പഴയകാല ഉത്സവ പറമ്പിലേക്ക് മനസ്സിനെ കൊണ്ടു പോവും വിധം കാഴ്ച മനോഹരമാക്കിയ പഴമയെ പുനര്‍ സൃഷ്ടിച്ച് വേദി അതിമനോഹരമാക്കിയത് അഷ്റഫ് മൂവാറ്റുപുഴ ആണ്.
നാടകത്തില്‍ എഴുപത്തിയഞ്ച് കഥാപാത്രങ്ങള്‍ക്ക് പ്രവാസികള്‍ക്കിടയിലെ അന്‍പത് കലാകാരന്മാര് ജീവന് നല്കി. ബഷീര്‍ ചേറ്റുവ, റഫീഖ് മാനങ്കേരി, ഷാരോണ്‍ ഷരീഫ്, ഷംനാദ് കരുനാഗപ്പള്ളി, നൗഷാദ് കട്ടുപ്പാറ, സക്കീര്‍ ഹുസ്സൈന്‍, സലീം തലനാട്, ഹനീഫ തിരൂര്‍, മുനീര്‍ മണക്കാട്ട്, നവാസ്ഖാന്‍ പത്തനാപുരം, അലക്സ് കൊട്ടാരക്കര, റാണി ജോയ്, നിഷ ഷിബു, സംഗീത വിജയ്, ജിഷ റെനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സെലിന് സാഗര, നൗഷാദ് കിളിമാനൂര്‍, ഗിരീഷ്, അഷ്റഫ് തണ്ടാന, സജി, ഷിജു ജിജിത്ത്, ഷാജി, അമാനുള്ളാഹ്, റെജിമുല്ഖാന്, ഷാജഹാന് കോട്ടയില്‍, ജോര്‍ജ് മാക്കുളം, ഷാജഹാന് കല്ലമ്പലം, ബീന സെലിന് കുട്ടികളായ സാന്ദ്ര സെലിന്, നാദാത്മിക, നൗഫല്‍ നൗഷാദ്, നൗഫിദ നൗഷാദ്, റൈഹാന്‍ മുഹമ്മദ് റഫീഖ്, റുമൈസ ഫാത്തിമ റഫീഖ്, റനാ പര്വ്വിന് റഫീഖ്, റോഷിന് ജോയ്, ഋഷികേശ് വിജയ്, അനൗഷ്ക വിജയ് തുടങ്ങിയവരും കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കി.