scorecardresearch

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടിപതിയായി വീണ്ടും മലയാളി

ആലപ്പുഴ സ്വദേശിയായ ശ്രീനു സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിനു 29 കോടിയോളം രൂപയാണു സമ്മാനമായി ലഭിച്ചത്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടിപതിയായി വീണ്ടും മലയാളി

ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടിപതിയായി വീണ്ടുമൊരു മലയാളി. ഞായറാഴ്ച നടത്തിയ നറുക്കെടുപ്പില്‍ ഇരുപത്തിയെട്ടുകാരനായ ശ്രീനു ശ്രീധരന്‍ നായരാണു ഒന്നാം സമ്മാനത്തിന് അര്‍ഹനായത്.

ആലപ്പുഴ സ്വദേശിയായ ശ്രീനു സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിനു 1.5 കോടി ദിര്‍ഹ(29 കോടിയോളം രൂപ)യാണു സമ്മാനം ലഭിച്ചത്. ദുബായിലെ സ്വകാര്യ കമ്പനിയില്‍  ജോലി ചെയ്യുകയാണു ശ്രീനു.

പതിനായിരം രൂപയോളം വിലവരുന്ന അബുദാബി ബിഗ് ടിക്കറ്റ് 21 സുഹൃത്തുക്കളുമായി ചേര്‍ന്ന് തുക പങ്കിട്ടാണു ശ്രീനു വാങ്ങിയത്. മൊത്തം സമ്മാനത്തുകയുടെ അഞ്ച് ശതമാനമായ 1.42 കോടി രൂപ ശ്രീനുവിനു വിഹിതമായി ലഭിക്കും.

ഒക്‌ടോബര്‍ 21ന് ഓണ്‍ലൈന്‍ വഴിയാണു ശ്രീനു അബുദാബി ബിഗ് ടിക്കറ്റ് വാങ്ങിയത്. കോടിപതിയായ വിവരം അറിയിക്കാന്‍ ഞായറാഴ്ച തന്നെ സംഘാടകര്‍ ശ്രീനുവിനെ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്നു രാവിലെയാണു സംഘാടകര്‍ക്കു ബന്ധപ്പെടാന്‍ കഴിഞ്ഞത്.

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിലെ അംഗമായ ശ്രീനു ദുബായിലെ ജോലിയില്‍നിന്നുള്ള തുക മിച്ചംവച്ച് ആലപ്പുഴയില്‍ വീടുപണി തുടങ്ങിയിരുന്നു.
എന്നാല്‍ ആവശ്യത്തിനു പണം കണ്ടെത്താന്‍ കഴിയാതെ വീട് നിര്‍മാണം പാതിവഴിയിലായി. ഇതിനു പിന്നാലെയാണു ശ്രീനുവിനെത്തേടി ഭാഗ്യമെത്തിയത്. ലോട്ടറി ലഭിച്ച സാഹചര്യത്തില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു ശ്രീനു പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ശ്രീനുവിനെ കൂടാതെ മറ്റ് ഒന്‍പത് ഇന്ത്യക്കാര്‍ക്കും രണ്ടു മുതല്‍ 10 വരെയുള്ള സമ്മാനം ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലഭിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Keralite wins 15 million dirhams in abu dhabi raffle