ദമാം: സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ തങ്ങിയ മലയാളി കുടുംബത്തെ അധികൃതര്‍ പിഴ ശിക്ഷയില്‍ നിന്നും ഒഴിവാക്കി. കോഴിക്കോട് സ്വദേശിയായ സന്തോഷിന്റെ കുടുംബത്തിനെയാണ് സൗദി അധികൃതര്‍ വന്‍ പിഴ ശിക്ഷയിൽനിന്നും ഒഴിവാക്കിയത്. അള്‍ഷിമേഴ്സ് രോഗിയായ മാതാവിനെ പരിചരിക്കാനായി തുടര്‍ച്ചയായി വിസിറ്റിങ് വിസയില്‍ സന്തോഷ് അമ്മയെ ദമാമില്‍ എത്തിക്കാറുണ്ട്. എന്നാല്‍ ഇത്തവണ സന്ദര്‍ശക കാലാവധി കഴിഞ്ഞിട്ടും ചില സാമ്പത്തിക പ്രശ്നങ്ങളാല്‍ മാതാവിനെ കൂടെ താമസിപ്പിച്ച് പരിചരിക്കുകയായിരുന്നു.

സന്തോഷിന്റെ അച്ഛൻ 10 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. അതിന് ശേഷമുള്ള വർഷവും തുടർച്ചയായി വിസിറ്റ് വിസയിൽ അമ്മയെ ദമാമിലേക്ക് കൊണ്ടുവരാറുണ്ട് സന്തോഷ്. കഴിഞ്ഞ മൂന്ന് വർഷമായി അമ്മ അള്‍ഷിമേഴ്സ് രോഗിയാണ്. 82 വയസ്സ് കഴിഞ്ഞ രോഗിയായ അമ്മയെ പ്രാരാബ്ദങ്ങൾക്കിടയിലും മുടങ്ങാതെ വിസിറ്റ് വിസയിലെത്തിക്കുന്ന സന്തോഷിന് എല്ലാ കാര്യത്തിലും കൂടെ നിൽക്കാനും അമ്മയ്ക്ക് വേണ്ട പരിലാളനകൾ നൽകാനും കണ്ണൂർക്കാരിയായ ഭാര്യ അജിതയും ഉണ്ടായിരുന്നു.

അമ്മയുടെ സന്ദര്‍ശക വിസയുടെ കാലാവധി തെറ്റിയതിനാൽ 15000 (ഏകദേശം 2,83,000 രൂപ) റിയാൽ പിഴയാണ് സന്തോഷിന് വിധിച്ചത്. എന്നാല്‍ ഇത് തിരിച്ചടക്കാനുളള സാമ്പത്തിക ശേഷി ഇല്ലാതിരുന്ന സന്തോഷ് സൗദിയിലെ സാമൂഹ്യപ്രവര്‍ത്തകനായ ഷാജി വയനാടിനെ സമീപിക്കുകയായിരുന്നു. ഷാജിയാണ് സന്തോഷിനെ അധികൃതരുടെ അടുത്തെത്തിച്ച് സഹായം തേടിയത്. സന്തോഷിന്റെ സാമ്പത്തിക സ്ഥിതിയും അമ്മയെ പരിചരിക്കുന്നതും മനസ്സിലാക്കിയ അധികൃതർ കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങിയതി​ന്റെ പിഴയായ 15000 റിയാല്‍ ഒഴിവാക്കി കൊടുക്കുകയായിരുന്നു. കൂടാതെ സന്ദര്‍ശക വിസ പുതുക്കി നല്‍കുകയും ചെയ്തു. തുടര്‍ന്ന് അമ്മയെ നോക്കാനായി അദ്ദേഹം കുടുംബസമേതം നാട്ടിലേക്ക് തിരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ