മനാമ: ബഹ്റൈനിൽ കുടുംബസമേതം എത്തിയ കോട്ടയം സ്വദേശിയായ മലയാളി കടലിൽ മുങ്ങിമരിച്ചു. സൗദിയിൽ താമസിക്കുന്ന പ്രവാസി മലയാളി, മിഷാൽ തോമസ് (37) ആണ് മരിച്ചത്. സൗദിയിൽ നിന്നാണ് ഒഴിവു ദിവസം ആഘോഷിക്കാൻ ഇദ്ദേഹവും കുടുംബവും ബഹ്റൈനിൽ എത്തിയത്.
പ്രമുഖ ബിസിനസ് സ്ഥാപനമായ ഇറാം ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജാസ് അറേബ്യയുടെ ഡയറക്ടർ ആണ് മിഷാൽ. സൗദി അറേബ്യയിലെ അൽകോബാറിലാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. സുഹൃത്തുക്കൾക്കൊപ്പം കടലിൽ പവിഴപ്പുറ്റ് കാണാൻ പോയതാണെന്നാണ് പ്രാഥമിക വിവരം.
ബോട്ട് നിർത്തിയ ശേഷം കടലിൽ ഇറങ്ങിയെങ്കിലും തിരികെ കയറാൻ സാധിച്ചില്ലെന്നാണ് വിവരം ലഭിക്കുന്നത്. ബോട്ടിൽ മിഷാലിനൊപ്പം കുടുംബാംഗങ്ങൾ ആരും ഉണ്ടായിരുന്നില്ല. മിഷാലിന്റെ മാതാപിതാക്കളോടൊപ്പം ഭാര്യയും രണ്ടു കുട്ടികളും ബഹ്റൈനിലുണ്ടായിരുന്നെങ്കിലും ബോട്ടിൽ കടലിലേക്ക് മിഷാൽ മാത്രമാണ് പോയത്. സുഹൃത്തുക്കളായ 13 പേരും ഒപ്പമുണ്ടായിരുന്നു.
അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം കിങ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.