/indian-express-malayalam/media/media_files/uploads/2017/08/bahrain-onam.jpg)
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഈ വര്‍ഷം ഓണം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്‍, ലോകസഭാഗം എന്‍.കെ.പ്രേമചന്ദ്രന്‍, ഡോ. കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര, ജി.വേണുഗോപാല്‍ തുടങ്ങി പ്രമുഖരും ഓണാഘോഷ വേദിയെ സമ്പന്നമാക്കും. 25ന് പലഹാര മേളയോടെയാണ് ഓണാഘോഷത്തിനു തുടക്കം കുറിക്കുക. സെപ്റ്റംബര്‍ 15 ന് നടക്കുന്ന വിഭവ സമൃദ്ധമായ സദ്യയോടെ ആഘോഷത്തിന് സമാപനമാകുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
വനിതാ വേദി ഏകോപിപ്പിക്കുന്ന ഓണപ്പലഹാരമേളയോടനുബന്ധിച്ച് തീറ്റമല്‍സരം, കസേര കളി, പുഷ് അപ് മല്‍സരം എന്നിവയും ഒരുക്കിയിട്ടുണ്ട്. 31 ന് വൈകീട്ട് നാലിന് സമാജം ഓണാഘോഷങ്ങളുടെ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് തിരുവാതിര മത്സരം ഉണ്ടാവും. ഔപചാരിക ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന് എന്‍.കെ.പ്രേമചന്ദ്രന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് കെ.എസ്.ചിത്രയും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറും. അന്നു രാവിലെ അത്തപ്പൂക്കള മല്‍സരം, കലാവിഭാഗം അവതരിപ്പിക്കുന്ന പൂജ നൃത്തം.
ഓണാഘോഷ വേദിയില്‍ പ്രശസ്തരായ ഗായകരുടെ ഒരു വന്‍ നിര എത്തും. യേശുദാസ്, ചിത്ര, വേണുഗോപാല്‍ എന്നിവര്‍ക്കു പുറമെ ഡോ.രാജന്‍ നമ്പ്യാര്‍, അപര്‍ണ ബാലമുരളി, ദേവി ചന്ദന, രൂപ രേവതി, അഖില തുടങ്ങി 50 ഓളം കലാകാരന്മാരാണ് എത്തിച്ചേരുന്നത്. ചാക്യാര്‍ കൂത്ത്, 50 ഓളം സ്ത്രീകള്‍ അണിനിരക്കുന്ന മെഗാ തിരുവാതിര, പുലികളി, ഘോഷയാത്ര തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന കലാ കായിക പരിപാടികളും ഓണാഘോഷ പരിപാടിയില്‍ ഉൾക്കൊള്ളിച്ചതായി സംഘാടകര്‍ അറിയിച്ചു. നാലാം ദിവസമായ രണ്ടിന് കായിക മല്‍സരങ്ങള്‍, വടം വലി മല്‍സരം, വനിതകള്‍ക്കുള്ള നാടന്‍ കായിക മല്‍സരം, പായസ മേള, സംഘ നൃത്തം, ഒപ്പന, ദശപുഷ്പം എന്നിവ നടക്കും. അന്നു വൈകീട്ട് ദേവി ചന്ദനയും റജി രവിയും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.
അഞ്ചാം ദിവസമായ മൂന്നിന് കായിക മല്‍സരങ്ങള്‍, കബഡി മല്‍സരം, അറവന മുട്ട്, ബഹ്‌റൈന്‍ കെഎംസിസി അവതരിപ്പിക്കുന്ന കോല്‍ക്കളി എന്നിവയുണ്ടാവും. വൈകീട്ട് 7.30 നു ഘോഷയാത്രാ മല്‍സരം നടക്കും. ആറാം ദിവസമായ നാലിന് ഒപ്പന, ഡോ. എടനാട് രാജന്‍ നമ്പ്യാര്‍ അവതരിപ്പിക്കന്ന ചാക്യാര്‍ കൂത്ത്, മൊജോ ബാന്‍ഡ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടാവും. ഏഴാം ദിവസമായ അഞ്ചിന് ഓണപ്പുടവ മല്‍സരം, കുട്ടികളുടെ നാടകം 'നെയ്യപ്പം', ചാക്യാര്‍ കൂത്ത്, സിനിമാറ്റിക് ഡാന്‍സ് എന്നിവ ഉണ്ടാവും.
എട്ടാം ദിവസമായ ആറിന് 7.30 നു മെഗാ തിരുവാതിര അരങ്ങേറും. തുടര്‍ന്ന് ആരവം നാടന്‍ പാട്ട് ഉണ്ടാവും. ഒമ്പതാം ദിവസമായ ഏഴിന് ജി. വേണുഗോപാല്‍ നയിക്കുന്ന ഗാനമേള ഉണ്ടാവും. സിനിമാ താരം അപര്‍ണ ബാലമുരളി, അനുമോള്‍, അഖില ആനന്ദ് തുടങ്ങിയവര്‍ പങ്കെടുക്കും. പത്താം ദിവസമായ സെപ്റ്റംബര്‍ എട്ടിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ കേരള സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും. തുടര്‍ന്ന് കെ.ജെ.യേശുദാസ് അവതരിപ്പിക്കുന്ന സംഗീത കച്ചേരി.
പഴയിടം മോഹനന്‍ നമ്പൂതിരിയാണ് സെപ്റ്റംംബർ 15 ന് നടക്കുന്ന 5000 പേര്‍ക്കുള്ള ഓണസദ്യ ഒരുക്കുന്നത്. ശങ്കര്‍ പള്ളൂര്‍ ജനറല്‍ കണ്‍ വീനറും ബാബു സുരേഷ് ജനറല്‍ കോ ഓഡിനേറ്ററുമായ 250 പേര്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. സമാജം ഓണാഘോഷം വന്‍ വിജയമാക്കുന്നതിന് എല്ലാവരെയും സമാജത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 3336 4417, 33115886.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.