മനാമ: ബഹ്‌റൈനിലെ മലയാളികളായ ഫുട്ബാള്‍ താരങ്ങളെ അണിനിരത്തി ‘കേരള യൂണിറ്റി കപ്പ് 2017’ എന്നപേരില്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് നടത്തുന്നു.
പ്രവാസികളുടെ നേതൃത്വത്തിലുള്ള വിവിധ ഫുട്ബാള്‍ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന സംഘാടക സമിതിയാണ് ടൂര്‍ണമെന്റ് നടത്തുന്നതെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആഗസ്റ്റ് മൂന്നിന് മുഹറഖ് ബുസൈതീന്‍ ക്ലബ്ബ് ഗ്രൗണ്ടിലാണു മല്‍സരം ആരംഭിക്കുക. എല്ലാ വ്യാഴാഴ്ചയും രാത്രി 9.30 ന് മല്‍സരങ്ങള്‍ തുടങ്ങും.

അല്‍ കേരളാവി, യുവാ കേരള, ഐ എസ് എഫ് എഫ് സി, കെ എം സി സി , മറീന എഫ് സി, ഷോ സ്‌റ്റോപ്പേഴ്‌സ്, കെ എച്ച് യുണൈറ്റഡ്, മനാമ എഫ് സി എന്നീ ടീമുകളാണു കളിക്കുക.
ലീഗ് അടിസ്ഥാനത്തില്‍ എട്ട് എ സൈഡ് എന്ന രീതിയിലാണു കളി നടക്കുക. എട്ടു കളിക്കാര്‍, നാലു സബ്‌സിറ്റിറ്റിയൂട്ട് ,ഒരു അഡീഷണല്‍ എന്നിങ്ങനെ 12 കളിക്കാരെ ഒരു ടീം സജ്ജീകരിക്കണം. സെപ്തംബര്‍ 22 നു സമാപിക്കുന്ന രീതിയിലാണു കളികളുടെ ക്രമീകരണം. മികച്ച കളിക്കാരന്‍, ടോപ്പ് സ്‌കോറര്‍, ബെസ്റ്റ് ഗോള്‍കീപ്പര്‍, ബെസ്റ്റ് ഡിഫന്റര്‍ എന്നിങ്ങനെ അവാര്‍ഡുകള്‍ നല്‍കും.

ബഹ്‌റൈനിലെ എട്ടു പ്രമുഖ ടീമുകളുടെ രണ്ടുവീതം പ്രതിനിധികളാണു സംഘാടക സമിതിയില്‍ ഉള്ളത്. കേരളത്തിലെ പ്രമുഖ ക്ലബ്ബുകളില്‍ കളിച്ച പല മികച്ച കളിക്കാരും ജോലി ആവശ്യാര്‍ഥം ഇന്നു ബഹ്‌റൈനില്‍ ഉണ്ട്. ഇപ്പോള്‍ ബഹ്‌റൈനില്‍ മലയാളികളുടെ ക്ലബ്ബുകള്‍ സ്വന്തം താരങ്ങളെ അണിനിരത്തി തന്നെ മികച്ച നിലവാരത്തില്‍ എത്തിയിട്ടുണ്ട്. നേരത്തെ ബഹ്‌റൈന്‍ പ്രവാസി ഫുട്ബാളില്‍ ഗോവന്‍ താരങ്ങളുടെ വലിയ സാന്നിധ്യമുണ്ടയിരുന്നു. എന്നാല്‍ ഇന്നു മികച്ച മലയാളി താരങ്ങളുടെ വലിയ നിര പ്രവാസി ഫുട്ബാളിനെ സമ്പന്നമാക്കുന്നതായി അവര്‍ പറഞ്ഞു.

ബഹ്‌റൈനില്‍ ജനിച്ചു വളര്‍ന്ന് ഇവിടെ വിദ്യാഭ്യാസം നേടിയ നിരവധി മലയാളി താരങ്ങളും ഫുട്ബാളില്‍ ശ്രദ്ധേയരായി വളര്‍ന്നിട്ടുണ്ട്. ഇവരെയെല്ലാം ഉള്‍ക്കൊള്ളുന്ന രീതിയില്‍ പ്രവാസി ഫുടാബാളിനെ വികസിപ്പിക്കുകയാണു ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ ജബ്ബാര്‍ (എഫ് സി മനാമ), രഞ്ജിത് (യുവ കേരള), അഷ്‌റഫ് കക്കണ്ടി (കെഎംസിസി), റഫീഖ് അബ്ബാസ് (ഐഎസ്എഫ്എഫ്‌സി), റഹ്മത്തലി (അല്‍ കേരളാവി), അബ്ദുല്‍ മനാഫ് (ഷോ സ്‌റ്റോപ്പേഴ്‌സ്), അനീസ് (മറീന എഫ്‌സി), ഷബീറലി (ഐഎസ്എഫ്എഫ്‌സി) എന്നിവര്‍ പങ്കെടുത്തു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ