ദുബായ്: പിറന്നാൾദിനത്തിൽ അച്ഛൻ സമ്മാനമായി നൽകിയ സ്വർണ കേക്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് എട്ടാം ക്ലാസുകാരി. ദുബായ് ഡൽഹി പബ്ലിക് സ്കൂട്ടിലെ വിദ്യാർത്ഥിനിയായ പ്രണതി എന്ന മിന്നുവാണ് അരകിലോയോളം ഭാരമുളള സ്വർണ കേക്ക് പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തമായി നൽകിയത്.
മേയ് അഞ്ചിനായിരുന്നു മിന്നുവിന്റെ പന്ത്രണ്ടാം പിറന്നാൾ. അന്ന് പിതാവ് വിവേക് നൽകിയ അപൂർവ്വ സമ്മാനമായ സ്വർണ കേക്ക് മിന്നു ഭദ്രമായി അലമാരയിൽ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. കേരളത്തിലെ പ്രളയത്തെക്കുറിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും മിന്നു അറിയുന്നുണ്ടായിരുന്നു. ദുബായിലിരുന്ന് കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ അച്ഛൻ ഏകോപിപ്പിക്കുന്നതും മിന്നു നേരിട്ടു കണ്ടു. ഇതോടെയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം ദിർഹത്തോളം (19 ലക്ഷം രൂപ) വില വരുന്ന കേക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകാൻ പിതാവിനോട് ആവശ്യപ്പെട്ടത്.
ദുബായിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽനിന്നാണ് വിവേക് മകൾക്കായി സ്വർണ കേക്ക് നൽകിയത്. മകളുടെ ആഗ്രഹം അറിയിച്ചപ്പോൾ സ്വർണ കേക്ക് തിരിച്ചെടുത്ത് തത്തുല്യമായ പണം നൽകാമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അറിയിച്ചു. ദുബായ് ജബൽഅലിയിലെ വിവേകിന്റെ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ മിന്നുവിൽ നിന്ന് മാതൃഭൂമി ബ്യൂറോ ചീഫ് പി.പി.ശശീന്ദ്രൻ കേക്ക് സ്വീകരിച്ചു. അത് കൊടുത്തുകിട്ടുന്ന പണം ‘കേരളത്തിനൊരു കൈത്താങ്ങ്’ എന്ന മാതൃഭൂമിയുടെ സംരംഭത്തിലൂടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.