ദുബായ്: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈതാങ്ങുമായി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിതെന്നും സഹായ ഹസ്തം നീട്ടാൻ മറക്കരുതെന്നും ദുബായ് ഭരണാധികാരി ട്വിറ്ററിലും ഫെയ്സ്ബുക്കിലും കുറിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലുമാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവച്ചത്.

ദുരിത ബാധിതരെ സഹായിക്കാൻ യുഎഇയും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കുമെന്നും അടിയന്തര സഹായത്തിനായി ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും ദുബായ് ഭരണാധികാരി വ്യക്തമാക്കി. യുഎഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

പ്രളയക്കെടുതികളിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇതുസംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം സന്ദേശം അയച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം രാഷ്ട്രപതിക്ക് അയച്ച സന്ദേശത്തിൽ കുറിച്ചു. സായുധസേനാ ഉപസർവ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും രാഷ്ട്രപതിക്ക് സന്ദേശം അയച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook