scorecardresearch
Latest News

‘കേരളത്തിലോടുന്നത് അറുബോറൻ സിനിമ,കേന്ദ്രത്തിലാടുന്നത് ചളി നാടകം’ കോൺഗ്രസ് എംഎൽ​എ

അറുബോറൻ സിനിമ കാണാൻ അറിയാതെ തിയറ്ററിൽ കയറിയ ആളുടെ അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങളെന്ന് ശബരീനാഥ് എം.എൽ.എ.

sabarinath, mla, riyadh,oicc,thriuvananthapuram

റിയാദ് : അറിയാതെ അറു ബോറൻ സിനിമ കാണാൻ ടിക്കെറ്റെടുത്ത് തിയറ്ററിൽ കയറിയ ഒരാളുടെ അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങളെന്ന് ശബരീനാഥ് എം.എൽ.എ.പറഞ്ഞു. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും സ്വതന്ത്രമാകണമെന്നാവശ്യപ്പെട്ട് വോട്ട് ചെയ്ത 52 % ആളുകളും ഇപ്പോൾ ചെയ്തത് തെറ്റായി പോയി ഒരവസരം തരൂ ഞങ്ങൾ തിരുത്താമെന്ന് ആർത്തു വിളിക്കുകയാണ് അതെ അവസ്ഥ തന്നെയാണ് മലയാളിയുടെ ഇന്നത്തെ അവസ്ഥ. അലസമായി വോട്ടവകാശം വിനിയോഗിച്ചതിന് കേരള ജനതക്ക് ലഭിച്ച ശിക്ഷായാണ് ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിയാദിൽ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് റേഷനില്ലാതെ ജനം വലയുമ്പോൾ ബഹ്‌റൈനിൽ പോയി കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിയാണോ അദ്ധ്വാന വർഗ്ഗത്തിന്റെ മുഖ്യമന്ത്രി എന്ന് അദ്ദേഹം ചോദിച്ചു . കേരളത്തിൽ ഭക്ഷ്യ വകുപ്പ് മന്ത്രിയുണ്ടോയെന്ന് ആളുകൾക്ക് സംശയം വന്നു തുടങ്ങി. പൊതു വിദ്യാഭ്യാസത്തിന്റെ പുരോഗതിക്ക് വേണ്ടി ബുദ്ധിപരമായ ഒരു തീരുമാനവും ഇന്നേ വരെ കൈകൊള്ളാത്ത ബുദ്ധിജീവിയാണ് വിദ്യാഭ്യാസ മന്ത്രിയെന്ന് എം എൽ​​ എ പറഞ്ഞു.

ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഫയലുകൾ ജീവവായു കിട്ടാതെ ചക്രശ്വാസം വലിക്കുന്നത് മുഖ്യമന്ത്രി കാണുന്നില്ലേ?. കഴിഞ്ഞ എട്ടുമാസമായി ഞാൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെ ഒരു തെരുവ് ലൈറ്റ് പോലും ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഇതിനു വേണ്ടി നൽകിയ അപേക്ഷ സെക്രട്ടറിയേറ്റിലേക്ക് റഫർ ചെയ്യുകയല്ലാതെ ഒന്നും നടക്കുന്നില്ല. ഇതാണ് കേരളത്തിലെ ഭരണരംഗത്തെ അവസ്ഥ.

ലക്ഷ്മി നായരെ രക്ഷിക്കാൻ എസ് എഫ് ഐയെ മുഖ്യമന്ത്രി പൊതു സമൂഹത്തിന് മുന്നിൽ അപഹാസ്യമാക്കി. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിന് പുറത്തിറങ്ങാൻ കഴിയാത്ത വിധം സമരം നാണക്കേടുണ്ടാക്കിയെന്നും. ഡി വൈ എഫ് ഐ കുറെ കാലമായി മൗനവ്രതത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു.

സംസ്ഥാനത്ത് അറുബോറൻ സിനിമയോടുമ്പോൾ കേന്ദ്രത്തിലോടുന്നത് ചളി നാടകമാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് നരേന്ദ്ര മോഡി നടപ്പാക്കുന്നതെന്നും ഇത് രാജ്യത്തിന് വലിയ അപകടം ഉണ്ടാകുമെന്നും ഇതിനെതിരെ പ്രതികരിക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളാണ് എന്നെ ഞാനാക്കിയതെന്നും ഒന്നും രണ്ടും തവണ എന്നെ ജയിപ്പിച്ചതിൽ പ്രവാസികൾക്കുള്ള പങ്ക് ചെറുതല്ലെന്നും അതിന് ഞാൻ പ്രവാസി സമൂഹത്തോടാകെ കടപ്പെട്ടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Kerala mla sabarinath slams pinarayi government in riyadh