/indian-express-malayalam/media/media_files/uploads/2019/05/ratheesh.jpg)
പെട്ടെന്നൊരു ദിവസം നേരം വെളുക്കുമ്പോള്‍ നിങ്ങള്‍ കോടീശ്വരനായി എന്ന് വിചാരിക്കുക. അത്ര എളുപ്പത്തില്‍ വിശ്വസിക്കാനാകുമോ? കുറച്ച് ബുദ്ധിമുട്ടായിരിക്കും അല്ലേ. അത് തന്നെയാണ് കോട്ടയം കുറുവിലങ്ങാട് പഞ്ചമിയില്‍ രവീന്ദ്രന്‍ നായര്‍-രത്‌നമ്മ ദമ്പതികളുടെ മകന്‍ പി.ആര്‍.രതീഷ് കുമാറിന്റേയും അവസ്ഥ.
പെരുന്നാള്‍ സമ്മാനമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളറാണ് രതീഷിന് ലഭിച്ചിരിക്കുന്നത്. അതായത് ഏകദേശം ഏഴ് കോടി രൂപ.
"ചൊവ്വാഴ്ച രാവിലെ 11.15ഓടെയാണ് ഈ വിവരം എന്നെ വിളിച്ച് പറയുന്നത്. സത്യത്തില്‍ ആദ്യം ഒരു ഞെട്ടലായിരുന്നു. ഒരുപാട് ഫോണ്‍ വിളികളൊക്കെ വരുന്നുണ്ട്. ഞാന്‍ ആ വാര്‍ത്ത വിശ്വസിച്ച് തുടങ്ങുന്നേ ഉള്ളൂ. അങ്ങനെ സ്ഥിരമായി കൂപ്പണ്‍ എടുക്കുന്ന ആളൊന്നും അല്ല ഞാന്‍. ഇത്തവണ എടുത്തപ്പോഴും പ്രതീക്ഷിച്ചിട്ടില്ല സമ്മാനം ലഭിക്കുമെന്ന്," രതീഷ് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2019/05/ratheesh-and-wife.jpg)
ദുബായ് ബിസിനസ് ബേയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫിനാന്‍സ് മാനേജറായി ജോലി ചെയ്യുകയാണ് രതീഷ് കുമാര്‍. ഏപ്രില്‍ രണ്ടിനാണ് കൂപ്പണ്‍ എടുക്കുന്നത്. ഭാര്യ രമ്യയ്ക്കും സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാന്‍ ഏറെ സമയം എടുക്കേണ്ടി വന്നു എന്ന് രതീഷ് പറയുന്നു.
"കഴിഞ്ഞ പത്ത് വര്‍ഷമായി കുടുംബത്തോടൊപ്പം ദുബായിലാണ് ജീവിക്കുന്നത്. ഭാര്യയും കൂടെയുണ്ട്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഇത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അഭിനന്ദനം അറിയിച്ചുകൊണ്ട് ഒരുപാട് പേരൊക്കെ വിളിക്കുന്നുണ്ട്," രതീഷിന്റെ വാക്കുകള്‍.
സമ്മാനത്തുക കൊണ്ട് എന്തു ചെയ്യണം എന്നൊന്നും രതീഷ് ഇനിയും തീരുമാനിച്ചിട്ടില്ല. സമൂഹത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ തന്നെക്കൊണ്ടാകും വിധം സഹായിക്കണം എന്നൊക്കെ രതീഷിന് ആഗ്രഹമുണ്ട്.
"പ്രളയ ശേഷം ഏറെ പ്രയാസങ്ങള്‍ നിറഞ്ഞ അവസ്ഥയിലൂടെയല്ലേ നമ്മുടെ നാട് കടന്നു പോകുന്നത്. എന്നെക്കൊണ്ട് സാധിക്കുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യണം എന്നുണ്ട്. പിന്നെ ഒരുപാട് നല്ല കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളൊക്കെ ഉണ്ടല്ലോ. അതുവഴിയോ മറ്റോ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം. ഇപ്പോള്‍ അല്ല, മുമ്പാണെങ്കിലും സാധിക്കും വിധം മറ്റുള്ളവരെ സഹായിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്," രതീഷ് കുമാര്‍ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2019/05/dubai-1.jpg)
ഇത്ര വലിയൊരു തുക കൈയ്യില്‍ വന്ന് ചേര്‍ന്നിട്ടും ജോലിയും പ്രവാസവും ഒക്കെ അവസാനിപ്പിച്ച് നാട്ടില്‍ വന്നിരിക്കാനൊന്നും രതീഷ് തയ്യാറല്ല. കാരണം ദുബായ് നഗരം രതീഷിന് സംബന്ധിച്ചിടത്തോളം അതിനൊക്കെ അപ്പുറമാണ്.
"പത്തു വര്‍ഷമായി ഞാനിവിടെ. വളരെ അടുപ്പമുണ്ട് ഈ നാടിനോട്. ഇപ്പോള്‍ എനിക്കുള്ള സൗഭാഗ്യങ്ങള്‍ക്കെല്ലാം കാരണം ഈ നാടല്ലേ. ഇവിടുന്നല്ലേ ഈ സമ്മാനം പോലും എനിക്ക് ലഭിച്ചത്. മാത്രമല്ല അത് ഈ പുണ്യ റംസാന്‍ മാസത്തില്‍ തന്നെ ആയി എന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു." ആ സന്തോഷം രതീഷിന്റെ വാക്കുകളിലും പ്രകടമായിരുന്നു.
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മലയാളികള്‍ക്ക് ഭാഗ്യം കൊണ്ടുവരുന്നത് ആദ്യമല്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുഹമ്മദ് അസ്ലം അരയിലകത്ത് എന്ന പ്രവാസിക്കായിരുന്നു ബംപര്‍ സമ്മാനം ലഭിച്ചത്.
ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിക്കുന്നത് 1999ലാണ്. നൂറിലധികം ഇന്ത്യക്കാര്‍ക്ക് ഇതിനോടകം ബംപര്‍ സമ്മാനമായ പത്തുലക്ഷം ഡോളര്‍ ഡ്യൂട്ടി ഫ്രീ സമ്മാനമായി ലഭിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.