ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്കു സമ്മാനം. മില്ലേനിയം മില്യണയര്‍ മൈല്‍സ്റ്റോണ്‍ സീരീസ് 400 നറുക്കെടുപ്പില്‍ മുഹമ്മദ് നസറുദ്ദീനാണ് ഒന്നാം സമ്മാനമായ എട്ടു കോടിയോളം രൂപയ്ക്ക് (10 ലക്ഷം ഡോളര്‍) അര്‍ഹനായത്.
3768 നമ്പര്‍ ടിക്കറ്റിലൂടെയാണു മുഹമ്മദ് നസറുദ്ദീനെ ഭാഗ്യം തേടിയെത്തിയത്. കേരളത്തില്‍നിന്ന് ഓണ്‍ലൈന്‍ വഴിയാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. ഓഗസ്റ്റ് 31-നു രണ്ടു ടിക്കറ്റുകളാണ് വാങ്ങിയിരുന്നത്.
ദുബായ് ഡ്യൂട്ടി ഫ്രീ ഫെയ്സ്ബുക്കിലെ ലൈവ് നറുക്കെടുപ്പ് പതിവായി കാണുന്നയാളാണു മുഹമ്മദ് നസറുദ്ദീന്‍. എന്നാല്‍ ഇത്തവണ വിദേശയാത്രയിലായതിനാല്‍ താന്‍ കോടിപതിയാകുന്നതു ലൈവായി കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.
ഖത്തര്‍ തലസ്ഥാനായ ദോഹയില്‍ കുടുംബാംഗത്തെ സന്ദര്‍ശിച്ചശേഷം മുഹമ്മദ് നസറുദ്ദീന്‍ ഇന്നാണു കേരളത്തില്‍ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ട് ദുബായ് ഡ്യൂട്ടി ഫ്രീയില്‍നിന്ന് കോള്‍ ലഭിച്ചു. ആ സമയത്ത് സന്തോഷം അടക്കാനായില്ലെന്നും ഈ സമ്മാനം തന്റെയും കുടുംബത്തിന്റെയും ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്നും മുഹമ്മദ് നസറുദ്ദീന്‍ പറഞ്ഞു.
2014 മുതല്‍ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സ്ഥിരമായി ടിക്കറ്റെടുത്തിരുന്നയാളാണു മുഹമ്മദ് നസറുദ്ദീന്‍. 1999-ല്‍ ആരംഭിച്ച മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 196-ാമത്തെ ഇന്ത്യക്കാരനാണു മുഹമ്മദ് നസറുദ്ദീന്‍. നറുക്കെടുപ്പില്‍ ഏറ്റവുമധികം പങ്കെടുക്കുന്നവരും കൂടുതല്‍ സമ്മാനം നേടിയവരും ഇന്ത്യക്കാരാണ്.
മില്ലേനിയം മില്യണയര്‍ സീരീസ് 396ൽ മലയാളിയായ കോശി വര്‍ഗീസ് ഒന്നാം സമ്മാനമായ 10 ലക്ഷം യു എസ് ഡോളര്‍ സ്വന്തമാക്കിയിരുന്നു. ഇതിനുശേഷം ആദ്യമായാണ് ഒരു മലയാളി ഒന്നാം സമ്മാനം നേടുന്നത്.
ഇന്നുവരെയുള്ള നറുക്കെടുപ്പുകളിലൂടെ മൊത്തം 400 മില്യന്‍ ഡോളറിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞതായും 47 രാജ്യങ്ങളില്‍ നിന്നുള്ള വിജയികളുടെ ജീവിതത്തില്‍ മാറ്റം സംഭവിച്ചതായും ദുബായ് ഡ്യൂട്ടി ഫ്രീ സി ഇ ഒയും എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ കോം മക്ലോഗിന്‍ പറഞ്ഞു.
മൂന്ന് ആഡംബര വാഹനങ്ങള്‍ക്കായുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പും ഇന്നു നടന്നു. മുംബൈ സ്വദേശിനിയായ നഹീദ് പാണ്ഡെ ബി എം ഡബ്ല്യു ആര്‍ നൈന്‍ ടി അര്‍ബന്‍ ജി/എസ് (ഇംപീരിയല്‍ ബ്ലൂ മെറ്റാലിക്) ബൈക്ക് സ്വന്തമാക്കി.