കേരള നിയമ സഭയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് സ്പീക്കര്‍

കേരള നിയമ സഭയുടെ ബജറ്റ് സംബന്ധമായ എല്ലാ നടപടിക്രമങ്ങളും മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാനുള്ള തീരുമാനം എടുത്തു കഴിഞ്ഞു

മനാമ: കേരള നിയമ സഭയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടതായി സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്‍ പറഞ്ഞു. മറ്റു സംസ്ഥാന നിയമ സഭകളെക്കാള്‍ സമയം എടുക്കുന്നതില്‍ കേരളം മാതൃകയാണ്. എന്നാല്‍, നിയമ നിർമാണ പ്രക്രിയയില്‍ കേരളത്തിലെ നിയസ സഭാ സാമാജികര്‍ കാണിക്കുന്ന ഗൗരവം മാധ്യമങ്ങള്‍ വേണ്ടത്ര കാണുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമ സഭാ നടപടിക്രമങ്ങളെ ഒരു ഹാസ്യാത്മക പരിപാടിയാക്കി ചിത്രീകരിക്കാനാണ് പലപ്പോഴും മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ആക്ഷേപ ഹാസ്യം അവര്‍ക്ക് ചെയ്യാമെങ്കിലും ഓരോ നിയമം കൊണ്ടുവരുമ്പോഴും അതിനോട് സൂക്ഷ്മമായി പ്രതികരിക്കുകയും നൂറുകണക്കിനു ഭേദഗതികള്‍ കൊണ്ടുവരികയും ചെയ്യുന്ന വലിയൊരു പ്രക്രിയ അവിടെ നടക്കുന്നുണ്ടെന്ന് ഓർമിക്കണം. വളരെ ലാഘവത്തില്‍ സഭയെ കാണുന്ന അവസ്ഥ ഇന്ന് കേരള നിയമ സഭയില്‍ ഇല്ല. സമയ ക്ലിപ്തത പുതിയ നിയമ സഭയില്‍ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്.

നിയമസഭാ സമിതികളുടെ റിപ്പോര്‍ട്ടുകള്‍ നേരത്തെ സഭയില്‍ വെക്കുന്ന രീതി നമുക്കുണ്ടായിരുന്നില്ല. നിയമ സഭാ സമിതികള്‍ വലിയ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഉണ്ടാക്കികൊണ്ടുവന്നാല്‍ അത് എടുത്ത് അട്ടത്തുവെക്കുന്ന രീതിയാണ് മുന്‍പ്. അത് മാറി സമിതികളുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്ന രീതി സ്വീകരിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രത്യേക വകുപ്പു പ്രകാരമുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് അവസരമുണ്ട്. ആ അവസരങ്ങളെ നേരത്തെ വേണ്ടത്ര ഉപയോഗപ്പെടുത്തിയിരുന്നില്ല.

ബജറ്റ് കാര്യത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരികയാണ്. കേരള നിയമ സഭയുടെ ബജറ്റ് സംബന്ധമായ എല്ലാ നടപടിക്രമങ്ങളും മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാനുള്ള തീരുമാനം എടുത്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം അത് മെയ് വരെ നീണ്ടു. സര്‍ക്കാര്‍ അക്ഷീണം പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയും സര്‍ക്കാരും ഇതില്‍ നന്നായി സഹകരിച്ചു. ജിഎസ്ടി ബില്ലിന്റെ ഒരു അനുബന്ധം എന്തായിരിക്കുമെന്ന് കാത്തിരുന്നതിനാലാണ് മെയ്‌വരെ നീണ്ടത്. അടുത്ത വര്‍ഷം മുതല്‍ മാര്‍ച്ച് 31നകം ബജറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കും. ഇതുവഴി ഏപ്രില്‍ ഒന്നു തൊട്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കും. വികസന രംഗത്തെ ത്വരിതപ്പെടുത്താന്‍ ഇത് സഹായിക്കും. ഫണ്ട് വിനിയോഗത്തിലും പദ്ധതികളിലെ ആസൂത്രണത്തിലും ഉണ്ടാകുന്ന കാലതാമസവും ഒഴിവാക്കാനും ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവമായി ഏറ്റെടുക്കുന്നുണ്ടെന്നതിന്റെ പ്രഖ്യാപനങ്ങള്‍ സഭയില്‍ വന്നിട്ടുണ്ട്. പ്രവാസി പ്രശ്‌നങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ ഗ്ലോബല്‍ പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാനും അതിനു സുവ്യക്തമായ പദ്ധതിയുണ്ടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചുട്ടുണ്ടെന്നും സര്‍ക്കാര്‍ സഭയെ അറിയിച്ചതായി ചോദ്യങ്ങള്‍ക്കു പ്രതികരണമായി അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Kerala legislative assembly works are improved

Next Story
വീട്ടുവേലക്കാരുടെ അവകാശ സംരക്ഷണം; ശില്‍പ്പശാല ബഹ്‌റൈനില്‍servant, gulf
The moderation of comments is automated and not cleared manually by malayalam.indianexpress.com