റിയാദ്: നിർത്താതെ പെയ്യുന്ന പേമാരി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർത്തുമ്പോൾ ഉറങ്ങാതെ നെഞ്ചിടിപ്പോടെ കഴിയുകയാണ് പ്രവാസികൾ. ചാനലുകൾക്ക് മുന്നിൽ മിഴി ചിമ്മാതെയാണ് ഇന്നലത്തെ രാത്രി പലരും കഴിച്ചു കൂട്ടിയത്. പുലർച്ചെ മുല്ലപ്പെരിയാർ ഡാം തുറക്കുമെന്ന വാർത്ത വന്നതോടെ ആധി കൂടി. വാർത്തകൾ ഓരോ നിമിഷവും സസൂക്ഷം നിരീക്ഷിക്കുകയാണ് പ്രവാസികൾ.

രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 142 അടി ആയതോടെ പലർക്കും നിക്കപ്പൊറുതിയില്ലാതായി. പതിറ്റാണ്ടുകൾ മരുഭൂമിയിൽ ഒഴുക്കിയ വിയർപ്പിന്റെ ഫലമായുണ്ടായ സ്വപ്ന കൂടുകൾ ഒലിച്ചു പോയിരിക്കുന്നു. പലരുടെയും കുടുംബം അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നുവെന്ന വാർത്ത അതിനേക്കാൾ വേദനിപ്പിക്കുന്നുണ്ട്. ജോലി പ്രശ്‍നവും നിയമക്കുരുക്കും കാരണം ദുരന്ത സമയത്ത് കുടുംബത്തിനടുത്ത് എത്താൻ പലർക്കും കഴിയാത്ത അവസ്ഥയാണ്.

ശക്തമായ മഴയും കാറ്റും ശനിയാഴ്ച വരെ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അറിഞ്ഞു പ്രാർത്ഥനയിൽ കഴിയുകയാണ് മലയാളികൾ. സാമ്പത്തികമായി ദുരിതാശ്വാസ പ്രവർത്തനങ്ങളോട് ഐക്യപ്പെടുന്നുണ്ടെകിലും കുടുംബത്തിന് താങ്ങായി ദുരന്ത മുഖത്ത് എത്താനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ പെരുന്നാൾ സീസണിലെ ടിക്കറ്റ്‌ നിരക്കും സീറ്റിന്റെ ലഭ്യതയ ഇല്ലായ്‌മയും ഇതിന് വിലങ്ങു തടികളാണ്. വൃദ്ധരായ മാതാപിതാക്കളും കൈ കുഞ്ഞുങ്ങളും രോഗികളും വീട്ടിലുള്ള പ്രവാസികൾ നിസ്സഹായരായി പ്രാർത്ഥനയിൽ കഴിയുകയാണ്.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ