തിരുവനന്തപുരം: പ്രവാസികളുടെ വിവരങ്ങള്‍ സംബന്ധിച്ച് ആധികാരിക ഡേറ്റ ബാങ്ക് സജ്ജമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കേരളത്തില്‍നിന്നുള്ള രാജ്യാന്തര കുടിയേറ്റം സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തില്‍ പ്രവാസികളുടെ പങ്ക് വലുതാണ്. എന്നാല്‍ പ്രവാസികളുടെയും മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയവരുടെയും ആധികാരിക വിവരങ്ങള്‍ ഇല്ലാതിരുന്നത് സംസ്ഥാനത്തിന്റെയും പ്രവാസികളുടെയും പല ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും തടസമാണ്.

രാജ്യാന്തര മൈഗ്രേഷന്‍ സെന്റര്‍ സിഡിഎസില്‍ ആരംഭിക്കണമെന്ന് ലോക കേരള സഭ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സിഡിഎസിലെ ഗവേഷണ മികവിനുള്ള അംഗീകാരം കൂടിയാണിത്. മുമ്പ് നിരവധി തവണ കുടിയേറ്റം സംബന്ധിച്ച സര്‍വേകള്‍ ചെയ്ത പരിചയവും ഈ സ്ഥാപനത്തിനുണ്ട്. അതുകൊണ്ടുതന്നെ സമഗ്രമായ ഗവേഷണപദ്ധതി പ്രവാസികളും കുടിയേറ്റവും സംബന്ധിച്ച് ആരംഭിക്കാന്‍ സമയമായി.

ഗവേഷണത്തിന്റെ ഭാഗമായി പ്രവാസികളെ സംബന്ധിച്ച് സര്‍ക്കാരിനു ഗുണകരമാകുന്ന വിവരങ്ങള്‍, കുടിയേറ്റ ഗവേഷണം സംബന്ധിച്ച വാര്‍ഷിക പരിശീലനങ്ങള്‍, രാജ്യാന്തര കുടിയേറ്റം സംബന്ധിച്ച സമഗ്ര ഡേറ്റ ബേസ്, കേരളവും ലോക സാമ്പത്തിക്രമവും സംബന്ധിച്ച കോണ്‍ഫറന്‍സുകള്‍ എന്നിവ ഉണ്ടാകും. കുടിയേറ്റം സംബന്ധിച്ച ഓണ്‍ലൈന്‍ ഡേറ്റ ബാങ്കും രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

സിഡിഎസ് ചെയര്‍മാന്‍ കെഎം ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. സിഡിഎസ് പ്രൊഫസര്‍മാരായ എസ്. ഇരുദയരാജന്‍, പ്രവീണ കോടോത്ത് എന്നിവര്‍ വിഷയാവതരണം നടത്തി. ഡയറക്ടര്‍ പ്രൊഫ: സുനില്‍ മണി സ്വാഗതം പറഞ്ഞു. നോര്‍ക്ക സഹകരണത്തോടെയാണ് ഗവേഷണ പദ്ധതി നടപ്പാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook