കുവൈത്ത് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മാതൃഭാഷാ പഠന ക്ലാസ്സുകളുടെ അബുഹലീഫ മേഖലാ പ്രവേശനോൽസവം സംഘടിപ്പിച്ചു. അബുഹലീഫ കലാ സെന്ററിൽ നടന്ന പരിപാടി കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ.സജി ഉദ്ഘാടനം ചെയ്തു. അബുഹലീഫ മേഖലാ ആക്ടിങ് പ്രസിഡന്റ്‌ പി.ആർ.ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മാതൃഭാഷാ സമിതി മേഖലാ കൺവീനർ പ്രജോഷ്‌ സ്വാഗതം പറഞ്ഞു. അബുഹലീഫ കല സെന്ററിൽ നടക്കുന്ന ക്ലാസ്സിന്റെ ഉദ്ഘാടനം മാതൃഭാഷാ സമിതി രക്ഷാധികാരി ജോസഫ്‌ പണിക്കർ ഉദ്ഘാടനം ചെയ്തു.

മാതൃഭാഷാ സമിതി ജനറൽ കൺവീനർ സജീവ്‌ എം.ജോർജ്, അബുഹലീഫ മേഖലാ സെക്രട്ടറി മുസ്ഫർ, ട്രഷറർ രമേശ്‌ കണ്ണപുരം, കേന്ദ്രകമ്മിറ്റി അംഗം നാസർ കടലുണ്ടി എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. തുടർന്ന് പഠന ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികൾ നടന്നു. അബുഹലീഫ മേഖലാ കമ്മിറ്റിയംഗം ഓമനക്കുട്ടൻ നന്ദി രേഖപ്പെടുത്തി.

അന്നൂർ ഖുർആൻ ഓൺലൈൻ ക്വിസ്സിന്റെ ഗ്രാൻഡ് ഫിനാലെ 17 ന്
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ റമസാൻ രണ്ട് മുതൽ സംഘടിപ്പിച്ച അന്നൂർ ഖുർആൻ ഓൺലൈൻ ക്വിസിന്രെ ഗ്രാൻഡ് ഫിനാലെ ശനിയാഴ്ച നടക്കും. കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഖത്തർ, സൗദി അറേബ്യ, അബുദാബി, ഷാർജ, ദുബായ്, ബാംഗ്ലൂർ, കേരളം തുടങ്ങിയ ലോകത്തിന്രെ വിവിധ ഭാഗങ്ങളിൽ നിന്നുളള മത്സരാർഥികളാണ് ഫൈനലിൽ പങ്കെടുക്കുന്നത്. മുഹമ്മദ് അമാനിയുടെ ഖുർആൻ വിവരണത്തിന്രെ 24-ാം അധ്യായമായ അന്നൂറിനെ അടിസ്ഥാനമാക്കിയുളള ചോദ്യങ്ങളാണ് മത്സരത്തിനുളളത്.

ഗ്രാൻഡ് ഫിനാലെയിലെ മൂന്ന് വിജയികൾക്ക് ക്യാഷ് പ്രൈസ്, പ്രശസ്തി പത്രം തുടങ്ങിയ സമ്മാനങ്ങൾ നൽകുന്നതാണ്. കൂടാതെ കഴിഞ്ഞ പതിനെട്ടു ദിവസങ്ങളായി നടന്നു വന്ന ഓൺലൈൻ ക്വിസ്സിൽ നിന്നും സമ്മാനർഹരായ 54 പേർക്കും ഏറ്റവും കൂടുതൽ തവണ 100 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്കും പ്രത്യേകം പാരിതോഷികങ്ങൾ നൽകും. ഫൈനൽ മത്സരത്തിനുളള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി വെളിച്ചം സെക്രട്ടറി അറിയിച്ചു. ശനിയാഴ്ച പുലർച്ചെ 12 മണിക്ക് ചോദ്യങ്ങൾ ഓൺലൈനിൽ ലഭ്യമായി തുടങ്ങും. റജിസ്റ്റർ ചെയ്ത ആർക്കും പങ്കെടുക്കാൻ പറ്റുമെങ്കിലും മെഗാ വിജയികളായി തിരഞ്ഞെടുക്കുന്നത് മുൻപ് പങ്കെടുത്തവരിൽ നിന്നു മാത്രമായിരിക്കും.

വിശുദ്ധ ഖുർആനിന്രെ ഗൗരവ തരത്തിലുളള പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുളള ഒരു സംരംഭമാണ് വെളിച്ചം. 2009 മുതൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഈ പദ്ധതി കുവൈത്തിൽ നടത്തിവരികയാണ്. വളരെ നല്ല പ്രതികരണമാണ് പഠിതാക്കൾക്കിടയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.iicinkuwait.com എന്ന വെബ്സൈറ്റിലോ 00965 65829673 എന്ന നന്പറിലോ ബന്ധപ്പെടേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook