റിയാദ്: പതിനേഴ് വര്‍ഷത്തെ കേളി കലാ സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തന മികവിന്റെ ചരിത്രം വിളിച്ചോതി കേളി പ്രവര്‍ത്തകര്‍ ഒരുക്കിയ ചിത്രപ്രദര്‍ശന തീവണ്ടി റിയാദിലെ പ്രവാസി മലയാളികളില്‍ ഏറെ കൗതുകമുണര്‍ത്തി. കേളിയുടെ പതിനേഴാം വാര്‍ഷികാഘോഷമായ കേളിദിനം 2018 നോടനുബന്ധിച്ച് അല്‍ഹയറിലെ അല്‍ഒവൈദ ഫാം മൈതാനത്ത് ഒരുക്കിയ വലിയ തീവണ്ടിയുടെ മാതൃകയിലാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത്.

കഴിഞ്ഞ പതിനേഴു വര്‍ഷങ്ങളില്‍ കേളി നടത്തിയ ജീവകാരുണ്യ കലാ സാംസ്‌കാരിക കായിക പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച ഒരു ചലച്ചിത്രത്തിലെന്നപോലെ ആഘോഷപരിപാടികള്‍ വീക്ഷിക്കാനെത്തിയവര്‍ക്ക് ചിത്രപ്രദര്‍ശനത്തിലൂടെ ആസ്വദിക്കാനായി. റയില്‍വേ സ്റ്റേഷനുകളില്‍ എന്നപോലെ വിവിധ ഭാഷകളിലുള്ള തൽസമയ അറിയിപ്പുകളും വിവരണങ്ങളും കാഴ്ചക്കാരില്‍ ഒരു റയിൽവേ സ്റ്റേഷനില്‍ എത്തിനില്‍ക്കുന്ന പ്രതീതി ഉളവാക്കി.

കെപിഎം സാദിഖിന്റെ നേതൃത്വത്തില്‍ സുകേഷ്, ബാബു നസ്സീം, സുധാകരന്‍ കല്ല്യാശ്ശേരി, സുരേന്ദ്രന്‍ സനയ്യ അര്‍ബയീന്‍, പ്രഭാകരന്‍, സിജിന്‍ കൂവള്ളുര്‍, ബിജു തായമ്പത്ത്, അനസുയ സുരേഷ്, അനിരുദ്ധന്‍, സുരേഷ് കൂവോട്, ലിതിന്‍ ദാസ്, മഹേഷ് കൊടിയത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രപ്രദര്‍ശന തീവണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കേളി വാര്‍ഷികാഘോഷ പരിപാടികള്‍ വീക്ഷിക്കാനെത്തിയ രണ്ടായിരത്തിലേറെ പ്രവാസികള്‍ പുതുമയാര്‍ന്ന ചിത്രപ്രദര്‍ശന തീവണ്ടി സന്ദര്‍ശിച്ചതായി കേളി ഭാരവാഹികള്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ