റിയാദ്: ഏറെ ദുരിതങ്ങള്‍ക്കൊടുവില്‍ രണ്ട് തൊഴിലാളികള്‍ക്ക് കേളി ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുപോകാനായി. സുലൈ വ്യവസായ മേഖലയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മൂന്നു മാസങ്ങള്‍ക്കു മുന്‍പ് തൊഴില്‍ വിസയില്‍ എത്തിയ എറണാകുളം ആലുവ പറവുര്‍ സ്വദേശി മനു, പള്ളിക്കര സ്വദേശി അജിത്ത് എന്നിവര്‍ക്കാണ് കേളി ജീവകാരുണ്യപ്രവര്‍ത്തകരുടെ ശ്രമ ഫലമായി കഴിഞ്ഞ ദിവിസം നാട്ടിലേക്ക് തിരിച്ചു പോകാനായത്.

തൊഴിലാളികള്‍ പറഞ്ഞത്, 1900 റിയാല്‍ പ്രതിമാസ ശമ്പളം എന്ന വ്യവസ്ഥയിലുള്ള കരാര്‍ പ്രകാരമാണ് നാട്ടില്‍ നിന്ന് ഇരുവരും സൗദിയിലെത്തിയത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും, ശമ്പളമോ ഭക്ഷണമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ വളരെയേറെ കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്ന ഇവര്‍ അല്‍ഖര്‍ജിലുള്ള ബന്ധു സുനിലിനെ ബന്ധപ്പെടുകയും തുടര്‍ന്ന് സഹായത്തിനായി കേളിയെ സമീപിക്കുകയുമായിരുന്നു. കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ബാബുരാജ് കാപ്പില്‍, ചെയര്‍മാന്‍ കിഷോര്‍-ഇ-നിസ്സാം എന്നിവരുടെ നിര്‍ദേശപ്രകാരം കേളി സുലൈ ഏരിയ സെക്രട്ടറി ബോബി മാത്യൂ, ജീവകാരുണ്യ കമ്മിറ്റി അംഗങ്ങളായ ജോണി, അര്‍ഷിദ് എന്നിവരാണ് പ്രശ്‌നത്തില്‍ ഇടപെട്ട് ആവശ്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

എക്‌സിറ്റ് അടിച്ചു നല്‍കുന്നതിന് വലിയ ഒരു തുകയാണ് തൊഴിലുടമ ആവശ്യപ്പെട്ടത്. ശമ്പളമോ മറ്റ് എന്തെങ്കിലും ആനുകൂല്യങ്ങളോ ഇല്ലാതിരുന്ന തൊഴിലാളികള്‍ക്ക് യാതൊരു വിധേനയും തൊഴിലുടമ ആവശ്യപ്പെട്ട തുക നല്‍കുവാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ തൊഴിലുടമയുമായി കേളി പ്രവര്‍ത്തകര്‍ നടത്തിയ നിരന്തര ഇടപെടലുകളിലൂടെ തുക ഒഴിവാക്കി കിട്ടുകയും തൊഴിലുടമ തന്നെ എക്‌സിറ്റ് അടിച്ചു നല്‍കുകയുമായിരുന്നു. അല്‍ഖര്‍ജിലെ ട്രാവല്‍ ഏജന്‍സി ഉടമയും ബന്ധുവുമായ സുനില്‍ നാട്ടിലേക്കുള്ള വിമാന ടിക്കറ്റും നല്‍കിയതോടെ തങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതങ്ങള്‍ക്കൊടുവില്‍ നാടണയാന്‍ ഇവര്‍ക്ക് സാധിച്ചു. കേളി പ്രവര്‍ത്തകരോടും സഹായിച്ച മറ്റെല്ലാവരോടും നന്ദി അറിയിച്ചാണ് ഇരരുവരും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ