റിയാദ്: ഒരു പതിറ്റാണ്ടു നീണ്ട ദുരിത ജീവിതത്തിനൊടുവില്‍ മുഹമ്മദ് ബാഷ മിയ കേളി ഇടപെടലിനെ തുടര്‍ന്ന് നാടണഞ്ഞു. 2002ലാണ് ഹൈദരാബാദ് ചഞ്ചല്‍ ഗൂഡഖല്ല സ്വദേശി മുഹമ്മദ് ബാഷ മിയ സൗദിയിലെത്തിയത്. ദവാദ്മിയില്‍ നിന്ന് ഏകദേശം 100 കി.മി. അകലെ മുഹമ്മദിയ എന്ന സ്ഥലത്ത് അഞ്ചു വര്‍ഷത്തോളം ആടിനെ മേയ്ക്കുന്ന ജോലിയായിരുന്നു.

ജോലിയില്‍ പ്രവേശിച്ച് അഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായി നാട്ടില്‍ പോയി വിവാഹവും കഴിഞ്ഞു രണ്ട് മാസത്തെ അവധിക്കു ശേഷം തിരിച്ചെത്തി ജോലിയില്‍ തുടര്‍ന്നു. എന്നാല്‍ കൃത്യമായി ശമ്പളമോ ഭക്ഷണമോ ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് തൊഴിലുടമയുമായി തര്‍ക്കമുണ്ടാകുകയും തന്റെ ജീവനു തന്നെ ഭീഷണിയുണ്ടായേക്കാവുന്ന അവസ്ഥയില്‍ അവിടെനിന്ന് രക്ഷപെടുകയുമായിരുന്നു. തുടര്‍ന്ന് ഇഖാമയോ മറ്റു താമസ രേഖകളോ ഇല്ലാതെ പത്തു വര്‍ഷത്തോളം പലയിടങ്ങളില്‍ വിവിധ ജോലികള്‍ ചെയ്തു. പത്തു വയസ്സായ ഏക മകളെ ഇതുവരെ മുഹമ്മദ് ബാഷ മിയക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല.

സൗദിയില്‍ പൊതുമാപ്പു പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ നാട്ടിലേക്കു തിരിച്ചുപോകാന്‍ പല തവണ ശ്രമിച്ചെങ്കിലും ജവാസത്തില്‍ വിരലടയാളം ഇല്ലാത്തതിനാല്‍ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. തുടര്‍ന്ന് കേളി ദവാദ്മി ഏരിയ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ രാജേഷിന്റെയും ഏരിയ കമ്മിറ്റിയുടെയും നിരന്തര പരിശ്രമത്തിനൊടുവില്‍ നാട്ടിലേക്കു തിരിച്ചുപോകാന്‍ വഴിയൊരുങ്ങി. പത്തു വര്‍ഷത്തെ ദുരിത ജീവിതത്തിനൊടുവില്‍ രാജകാരുണ്യത്തിന്റെ ആനുകൂല്യത്തില്‍ തനിക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുതന്ന കേളി ദവാദ്മി ഏരിയ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് മുഹമ്മദ് ബാഷ മിയ തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ