റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന കേളി കേന്ദ്രകമ്മിറ്റി അംഗവും അസ്സീസിയ ഏരിയ സെക്രട്ടറിയുമായ പാലക്കാട് കോങ്ങാട് സ്വദേശി സതീഷ് ബാബുവിന് കേളി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. കാല്‍ നൂറ്റാണ്ടിലേറെയായി സൗദിയിലുള്ള സതീഷ് ബാബു റിയദിലെ അല്‍ഹയറിലുള്ള ഒരു കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കോങ്ങാടന്‍ എന്ന തൂലികാനാമത്തില്‍ നിരവധി കവിതകള്‍ രചിച്ചിട്ടുള്ള സതീഷ് ബാബു കേളിയുടെ സാംസ്‌കാരികവിഭാഗം അംഗവും സാംസ്‌കാരിക പരിപാടികളില്‍ നിറസാന്നിദ്ധ്യവുമായിരുന്നു.

കേളി കേന്ദ്രകമ്മിറ്റി അംഗം ജോസഫ് ഷാജി അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച യാത്രയയപ്പ് യോഗത്തില്‍ കേളി പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാട് അധ്യക്ഷനായി. സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാരി സമിതി കണ്‍വീനര്‍ കെ.ആര്‍.ഉണ്ണികൃഷ്ണന്‍, രക്ഷാധികാരി സമിതി അംഗങ്ങളായ ദസ്തക്കീര്‍, റഷീദ് മേലേതില്‍, സതീഷ്‌കുമാര്‍, കേളി ജോ: സെക്രട്ടറിമാരായ ഷമീര്‍ കുന്നുമ്മല്‍, റഫീഖ് പാലത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, അസ്സീസിയ ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ഹസ്സന്‍ പുന്നയുര്‍, സബ്കമ്മിറ്റി ഭാരവാഹികളായ ടിആര്‍ സുബ്രഹ്മണ്യന്‍, മഹേഷ് കൊടിയത്ത്, ഫൈസല്‍ മടവുര്‍, സിജിന്‍ കൂവള്ളുര്‍, കിഷോര്‍-ഇ-നിസ്സാം, അസ്സീസിയ ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി, ആക്ടിങ് സെക്രട്ടറി റഫീഖ്, ഏരിയ ഭാരവാഹികള്‍, യൂണിറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കേളിയുടെ ഉപഹാരം സെക്രട്ടറി ഷൗക്കത്ത് നിലമ്പൂരും, അസ്സീസിയ രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂരും, ഏരിയ കമ്മിറ്റിയുടെ ഉപഹാരം ആക്ടിങ് സെക്രട്ടറി റഫീഖും, യൂണിറ്റുകളുടെ ഉപഹാരം യുണിറ്റ് സെക്രട്ടറിമാര്‍ ചേര്‍ന്നും സതീഷ് ബാബുവിന് സമ്മാനിച്ചു. യാത്രയയപ്പിന് സതീഷ് ബാബു നന്ദി രേഖപ്പെടുത്തി. വിവിധ ഏരിയകളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook