റിയാദ്: കേളിയുടെ ഉത്തരമേഖലാ വിദ്യാഭ്യാസ മേന്മ പുരസ്കാരങ്ങൾ കണ്ണൂരിൽ വിതരണം ചെയ്തു. കണ്ണുര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ഉത്തരമേഖല ജില്ലകളില്‍ നിന്നുള്ള പത്തൊന്‍പത് വിദ്യാര്‍ഥികള്‍ക്കാണ് കണ്ണൂര്‍ അഴീക്കോടന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പുരസ്കാരം വിതരണം ചെയ്തത്.

കേളി പ്രസിഡന്‍റ് ദയാനന്ദന്‍ അധ്യക്ഷനായിരുന്നു. കേളി രക്ഷാധികാരി സമിതിയംഗം മുഹമ്മദ്കുഞ്ഞു വള്ളികുന്നം സ്വാഗതവും കേളി ജോയിന്റ് സെക്രട്ടറി റഫീഖ് പാലത്ത് നന്ദിയും പറഞ്ഞു. മുന്‍ രക്ഷാധികാരി കണ്‍വീനര്‍ വല്‍സന്‍ പാനൂര്‍, കേരള പ്രവാസി സംഘം കണ്ണുര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പവിത്രന്‍, മുന്‍കേളി പ്രവര്‍ത്തകനും കേരള പ്രവാസി സംഘം മുഴപ്പിലങ്ങാട് ഏരിയ വൈസ് പ്രസിഡന്‍റുമായ ജയരാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

keli, saudi arabia

പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉന്നതവിജയം കരസ്ഥമാക്കിയ കേളി അംഗങ്ങളുടെ മക്കൾക്കാണ് കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം നൽകുന്നത്. അതേസമയം, അംഗപരിമിതിയെ വെല്ലുവിളിച്ച് പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കൺമണിക്ക് പ്രത്യേക പുരസ്കാരം ദക്ഷിണ മേഖല പുരസ്‌കാര ചടങ്ങിൽ കേളി നൽകിയിരുന്നു. 2016-17 അധ്യയന വര്‍ഷത്തില്‍ 25 വിദ്യാര്‍ഥികളാണ് കേളി വിദ്യാഭ്യാസ മേന്‍മാ പുരസ്കാരത്തിന് അര്‍ഹരായത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ദക്ഷിണമേഖല ജില്ലകളില്‍ നിന്നുള്ള 6 വിദ്യാര്‍ഥികള്‍ക്ക് അമ്പലപ്പുഴയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ ദിവസം മന്ത്രി ജി.സുധാകരന്‍ പുരസ്കാരം വിതരണം ചെയ്തിരുന്നു.

keli, saudi arabia

പുരസ്കാരത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങള്‍, നിരവധി കേളി അംഗങ്ങളുടെ കുടുംബങ്ങള്‍, നാട്ടില്‍ അവധിയിലുള്ള കേളി അംഗങ്ങള്‍, കേരള പ്രവാസി സംഘം പ്രവര്‍ത്തകര്‍ എന്നിവരും പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ