റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ 17-ാം വാര്‍ഷികത്തിന്റെ ഭാഗമായി അല്‍ഹയര്‍ അല്‍ഒവൈദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ഫ്യൂച്ചര്‍ എജ്യൂക്കേഷന്‍-കേളിദിനം 2018’ ആഘോഷപരിപാടികള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രവാസ ലോകത്ത് കേരളീയ കലകളുടെ ഉത്സവമായി.
കേളി അംഗങ്ങളും കുട്ടികളും കേളി കുടുംബവേദി പ്രവര്‍ത്തകരും അവതരിപ്പിച്ച എഴുപതോളം കലാപരിപാടികള്‍ വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി അരങ്ങേറി. മലയാളത്തനിമയുള്ള കലാപരിപാടികളോടെ കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി ഒരു ദിനം നീണ്ടുനിന്ന പരിപാടികള്‍ പ്രവാസി മലയാളികള്‍ക്ക് നവ്യാനുഭവമായി.

അസീസിയ ഏരിയയിലെ ശരണിന്റെ ചെണ്ടമേളത്തോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അല്‍ഖര്‍ജ് ഏരിയയുടെ ‘ഒരു ലോകം ഇവിടെ പുലരുമ്പോള്‍’ എന്ന നാടകം, ഫിദല്‍ കാസ്‌ട്രോ, ചെഗുവേര എന്നീ വിപ്ലവനായകരോടൊപ്പം ക്യൂബന്‍ വിപ്ലവത്തെ മുന്നില്‍ നിന്ന് നയിച്ച, എന്നാല്‍ ചരിത്രം വേണ്ട രീതിയില്‍ അടയാളപ്പെടുത്താതെ പോയ വിപ്ലവനായിക സെലിയ സാഞ്ചെസിന്റെ ജീവിതത്തിലെ ഒരേട് ആസ്പദമാക്കി ന്യൂസനയ്യ ഏരിയ അവതരിപ്പിച്ച നാടകം, ന്യൂസനയ്യ ഏരിയയിലെ രാജു നീലകണ്‍ഠനും അനസുയ സുരേഷും സംഘവും അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരം എന്നിവ ഏവരുടെയും പ്രശംസ നേടി. ബത്ത ഏരിയയിലെ ജോബും സംഘവും അവതരിപ്പിച്ച പുതുമയും വ്യത്യസ്തതയുമുള്ള ചവിട്ടു നാടകം കാണികളെ ഏറെ ആകര്‍ഷിച്ചു. റോദ ഏരിയയിലെ സലാഹുദ്ദീന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ വടക്കന്‍പാട്ട് രീതിയില്‍ അവതരിപ്പിച്ചത് കാണികളുടെ ശ്രദ്ധ നേടി.

അത്തീക്ക ഏരിയയിലെ ജിജുവും സംഘവും പുഷ്പ്പന്റെ ജീവിതത്തെ ആസ്പദമാക്കി അവതരിപ്പിച്ച ‘പുഷ്പ്പനെ അറിയാമോ’ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം കാണികളെ ആവേശഭരിതരാക്കി. നസ്സീം ഏരിയയിലെ അനിലും സംഘവും അവതരിപ്പിച്ച സംഗീത ശില്‍പം ‘ചുവന്ന കേരളം’, കുട്ടികളുടെ ഭരതനാട്യം, സംഘ നൃത്തം എന്നിവ ശ്രദ്ധേയമായിരുന്നു. സുലൈ ഏരിയയിലെ റൈഷ മധുവിന്റെ നേതൃത്വത്തില്‍ നടന്ന തിരുവാതിരയും സീബ അനിരുദ്ധന്‍ അവതരിപ്പിച്ച ഏഴാച്ചേരി രാമചന്ദ്രന്റെ ‘നീലി’ എന്ന കവിതാവിഷ്‌കാരവും മികച്ച നിലവാരം പുലര്‍ത്തി.

ബത്ത ഏരിയയിലെ മുരളിയും സംഘവും അവതരിപ്പിച്ച ദഫ് മുട്ട്, ഉമ്മല്‍ഹമാം ഏരിയയിലെ മിത ജുനൈദിന്റെ ഭരതനാട്യം, ശ്രീലക്ഷ്മിയുടെ ശാസ്ത്രീയ നൃത്തം, മലാസ് ഏരിയയിലെ ശില്‍പ പ്രശാന്തും സംഘവും അവതരിപ്പിച്ച സംഘനൃത്തം, ജസ്‌ന ജാവേദ്, റിസ ജാവേദ് എന്നിവര്‍ അവതരിപ്പിച്ച സംഘ നൃത്തം, സനയ്യ അര്‍ബയിന്‍ ഏരിയയിലെ നിസാറിന്റെ സ്പീഡ് ആര്‍ട്ട്, രാജന്‍ അവതരിപ്പിച്ച നാടക ഗാനാവിഷ്‌കാരം, റോദ ഏരിയയിലെ ജിനേഷ് അവതരിപ്പിച്ച മിമിക്‌സ്, അല്‍ഖര്‍ജിലെ ആതിര സന്തോഷ് അവതരിപ്പിച്ച കഥക് നൃത്തം, കുടുംബവേദിയിലെ കുട്ടികളായ നേഹ പുഷ്പരാജ്, ഹെന പുഷ്പരാജ് എന്നിവര്‍ അവതരിപ്പിച്ച ഭരതനാട്യം, ഷഫ്‌ന ഷാജഹാനും സംഘവും അവതരിപ്പിച്ച സംഘനൃത്തം, അഭയദേവും സംഘവും അവതരിപ്പിച്ച സംഘനൃത്തം, പൂജ രാജേഷ് അവതരിപ്പിച്ച നൃത്തം, തുടങ്ങി കുടുംബവേദിയിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ ശാസ്ത്രീയ, അര്‍ത്ഥശാസ്ത്രീയ നൃത്തങ്ങള്‍, കവിതാവിഷ്‌കാരങ്ങള്‍, സംഘനൃത്തങ്ങള്‍ എന്നിവയും വ്യത്യസ്തമായ ആസ്വാദനാനുഭവമാണ് കാണികള്‍ക്ക് സമ്മാനിച്ചത്.

ഫ്യൂച്ചര്‍ എജ്യൂക്കേഷന്‍ ആയിരുന്നു കേളിദിനം 2018ന്റെ മുഖ്യ പ്രായോജകര്‍. മുഹന്നദ് ബുക്ക് സ്റ്റോര്‍, നോളജ് ടവ്വര്‍ എന്നിവര്‍ സഹപ്രായോജകരായിരുന്നു. സതീഷ്‌കുമാര്‍ കണ്‍വീനറും ഷമീര്‍ കുന്നുമ്മല്‍ ചെയര്‍മാനുമായ സംഘാടകസമിതിയും സുനില്‍ സുകുമാരന്‍, ഗോപിനാഥന്‍ വേങ്ങര, ജോഷി പെരിഞ്ഞനം, സിജിന്‍ കൂവള്ളുര്‍, ചെല്ലപ്പന്‍, ഫൈസല്‍ മടവുര്‍, സുരേന്ദ്രന്‍ കൂട്ടായി എന്നിവരുടെ നേതൃത്വത്തിലുള്ള സബ്കമ്മിറ്റികളും ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ