കുവൈത്ത് സിറ്റി: കെഫാക് സീസൺ ആറിലെ ഗ്രൂപ്പ് എയിലെ സോക്കർ ലീഗ് മത്സരങ്ങളിൽ മാക് കുവൈത്ത്, സോക്കർ കേരള, യങ് ഷൂട്ടേർസ്, സിൽവർ സ്റ്റാർ ടീമുകൾക്ക് ജയം. ആദ്യ മത്സരത്തിൽ മാക് കുവൈത്ത് ബിഗ് ബോയ്സ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. മാക് കുവൈത്തിന് വേണ്ടി ഇബ്രാഹിം കുട്ടി ആണ് വിജയ ഗോൾ നേടിയത്. രണ്ടാം മത്സരത്തിൽ സോക്കർ കേരള ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ട്രിവാൻഡ്രം സ്ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തി. സോക്കർ കേരളക്ക് വേണ്ടി നിധീഷ്, ശരത്, ഷഫീഖ് എന്നിവരാണ് ഗോളുകൾ നേടിയത്.

മൂന്നാം മത്സരത്തിൽ അനസ് നേടിയ ഹാട്രിക്കിന്റെ മികവിൽ യങ് ഷൂട്ടേർസ് അബ്ബാസിയ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സ്പാർക്സ് എഫ്സിയെ പരാജയപ്പെടുത്തി. ഷമീറാണ് സ്പാർക്സ് എഫ്‌സിക്കുവേണ്ടി ഗോൾ നേടിയത്. അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു സിൽവർ സ്റ്റാർ അൽ -ശബാബ് എഫ്സിയെ പരാജയപ്പെടുത്തി. സിൽവർ സ്റ്റാറിന് വേണ്ടി റഹീസ്, ജാരിസ്, അഫ്താബും അൽ-ശബാബിനു വേണ്ടി അനസുമാണ് ഗോൾ നേടിയത്.

മാസ്റ്റേഴ്സ് ലീഗിൽ ഫഹാഹീൽ ബ്രദേഴ്‌സ്- സോക്കർ കേരളയെയും (1-0), ബ്രദേഴ്‌സ് കേരള- കുവൈത്ത് കേരളാ സ്റ്റാർസിനെയും (3-1), സിയസ്കോ കുവൈത്ത് – മലപ്പുറം ബ്രദേഴ്‌സ് ടീമുകൾ തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ മാൻ ഓഫ് ഡി മാച്ചാസായി റഷീദ് (ബ്രദേഴ്‌സ് കേരള), ഹരിദാസ് (ഫഹാഹീൽ ബ്രദേഴ്‌സ്), അനൂജ് (സിയസ്കോ കുവൈത്ത്) എന്നിവരെയും സോക്കർ ലീഗിൽ കൃഷ്ണ ചന്ദ്രൻ (മാക് കുവൈത്ത്), നിധീഷ് (സോക്കർ കേരളാ), അനസ് കുനിയിൽ (യങ് ഷൂട്ടേർസ്), അനസ് (അൽ-ശബാബ്) എന്നിവരെയും തിരഞ്ഞെടുത്തു.

മത്സരങ്ങൾ വീക്ഷിക്കുന്നതിനായി കുവൈത്തിലെ പ്രമുഖ അഭിഭാഷകനായ ജമാൽ മുത്തഹക്കയും മാധ്യമ പ്രവർത്തകൻ സത്താർ കുന്നിലും സന്നിഹിതരായിരുന്നു. അടുത്ത വെള്ളിയാഴ്ച സിൽവർ സ്റ്റാർ എഫ്സി നടത്തുന്ന ഈ സീസണിലെ ആദ്യ സെവൻ എ സൈഡ് ടൂർണമെന്റ് നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ