കുവൈത്ത് സിറ്റി: കെഫാക് സീസൺസിക്സിന്റെ ഗ്രൂപ്പ് ബിയിലെ മത്സരങ്ങളിൽ കേരളാ ചലഞ്ചേഴ്‌സ്, ചാമ്പ്യൻസ് എഫ്സി, മലപ്പുറം ബ്രദേഴ്‌സ്, ജയം കണ്ടപ്പോൾ മുൻചാമ്പ്യന്മാരായ ഫഹാഹീൽ ബ്രദേഴ്സും അൽഫോസ് റൗദയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആദ്യമത്സരത്തിൽ ഫഹാഹീൽ ബ്രദേഴ്സും അൽഫോസ് റൗദയും തമ്മിലുള്ള മത്സരത്തിൽ ഇരു ടീമുകൾക്കും നിരവധി ഗോൾ ചാൻസുകൾ ലഭിച്ചെങ്കിലും അതൊന്നും ഗോളിലേക്കെത്തിയില്ല.

രണ്ടാം മത്സരത്തിൽ കേരളാ ചലഞ്ചേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് ബ്രദേഴ്സ് കേരളയെ പരാജയപ്പെടുത്തി. രണ്ടാംപകുതിയുടെ അവസാനത്തിലാണ് ചലഞ്ചേഴ്‌സിന് വേണ്ടി ആഷിഖ് വിജയ ഗോൾ നേടിയത്. വമ്പന്മാർ ഏറ്റുമുട്ടിയ മൂന്നാം മത്സരത്തിൽ മലപ്പുറം ബ്രദേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേർഴ്സ് എഫ്സിയെ കീഴടക്കി.

kefak, football

അവസാന മത്സരത്തിൽ ചാമ്പ്യൻസ് എഫ്സി ഏകപക്ഷീയമായ നാലു ഗോളുകൾക്ക് കുവൈത്ത് കേരളാ സ്റ്റാർസിനെ പരാജയപ്പെടുത്തി. ചാപ്യൻസിനുവേണ്ടി നഹാസ് ഇരട്ട ഗോൾ നേടിയപ്പോൾ മുഹ്‌സിൻ, പ്രിൻസ് എന്നിവർ ഓരോ ഗോൾ നേടി. മാസ്റ്റേഴ്സ് ലീഗിലെ മത്സരങ്ങളിൽ ബിഗ്‌ബോയ്സ്‌ – മാക് കുവൈത്തിനെ (1 – 0 ) ബ്ലാസ്റ്റേഴ്‌സ് കുവൈത്ത് – അൽഫോസ് റൗദയെയും (1 – 0) സിഎഫ്സി സാൽമിയ -സ്പാർക്സ് എഫ്സിയെയും ( 2 -0 ) പരാജയപ്പെടുത്തിയപ്പോൾ ചാമ്പ്യൻസ് എഫ്സി – യങ് ഷൂട്ടേർസ് മത്സരം (1 – 1) സമനിലയിൽ അവസാനിച്ചു.

മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിലെ മാൻ ഓഫ്ഡി മാച്ചസ് ആയി അബ്ദുൽ നാസർ (സിഎഫ്സി സാൽമിയ), ഷൈൻ ബാബു (ബ്ളാസ്റ്റേഴ്സ് എഫ്സി) സജി രാജ (ബിഗ്ബോയ്സ്), അൻവർ (യങ് ഷൂട്ടേർസ്) സോക്കർ ലീഗിലെ മത്സരങ്ങളിലെ മാൻ ഓഫ്ഡി മാച്ചസ് ആയി ഫാസിൽ ജവാദ് (അൽഫോസ് റൗദ), ഷാനവാസ് (മലപ്പുറം ബ്രദേഴ്‌സ്), ജോബിൻ (കേരളാ ചലഞ്ചേഴ്‌സ്), നഹാസ് (ചാമ്പ്യൻസ് എഫ്സി) എന്നിവരെയും തിരഞ്ഞെടുത്തു.

kefak, football

മത്സരങ്ങൾ വീക്ഷിക്കുന്നതിനായി കുവൈത്ത് കേരളാ മുസ്ലിം അസോസിയേഷൻ (കെകെഎംഎ) ഭാരവാഹികളായ ഇബ്രാഹിം കുന്നിൽ, അബ്ദുൽ ഫത്താഹ് തയ്യിൽ, റഫീഖ് കെ.സി, നവാസ് കാദിരി, എ.പി.അബ്ദുൽ സലാം എന്നിവർ സന്നിഹിതരായിരുന്നു. വെള്ളിയാഴ്ച ഗ്രൂപ് എ യിലെ മത്സരങ്ങൾ നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ