കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി ഫുട്ബോൾ മാമാങ്കത്തിന് വെള്ളിയാഴ്ച വൈകിട്ട് തിരശ്ശീല വീഴും. കഴിഞ്ഞ ഒമ്പതു മാസമായി നടന്നു വന്നിരുന്ന കെഫാക് സീസൺ ഫൈവിന്റെ സോക്കർ ലീഗിന്റെയും മാസ്റ്റേഴ്‌സിന്റെയും ഗ്രാൻഡ് ഫിനാലെ മിശ്രിഫിലെ പബ്ലിക് യൂത്ത് സ്റ്റേഡിയത്തിൽ നടക്കും. സോക്കർ ലീഗിൽ നിലവിലെ ചാംപ്യന്മാരായ ശിഫ-അൽജസീറ സോക്കർ കേരള കരുത്തരായ ചാമ്പ്യൻസ് എഫ്സിയെ നേരിടുമ്പോൾ മാസ്റ്റേഴ്‌സ്‌ലീഗിൽ യങ്‌ ഷൂട്ടേർസ് അബ്ബാസിയ – സിഎഫ്സി സാൽമിയയെ നേരിടും.

സോക്കർ കേരളയുടെ അഞ്ചു സീസണുകൾക്കിടെ നാലാമത്തെ ഫൈനലിലാണ് ഇറങ്ങുന്നെതെങ്കിൽ ചാംപ്യൻസ് എഫ്സിയുടെ ആദ്യ ഫൈനലും. സെമി ഫൈനലുകളിൽ സോക്കർ കേരള എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഷഫീഖ് നേടിയ ഗോളിലാണ് ശക്തരായ ബ്ളാസ്റ്റേഴ്സ് എഫ്സി കുവൈത്തിനെ കീഴടക്കിയത്. രണ്ടാം സെമി ഫൈനലിൽ ചാംപ്യൻസ് എഫ്സി മത്സരത്തിന്റെ അവസാന മിനിറ്റിൽ നായകൻ പ്രിൻസ് നേടിയ ഗോളിൽ ബിഗ് ബോയ്സിനെ മറികടന്നാണ് ഫൈനലിലേക്ക് മുന്നേറിയത്.

മാസ്റ്റേഴ്സ് ലീഗിൽ സിഎഫ്സി സാൽമിയ ഏകപക്ഷീയമായ ഒരു ഗോളിന് ബിഗ്‌ബോയ്സ്‌ എഫ്സിയെയും രണ്ടാം സെമിയിൽ യങ് ഷൂട്ടേർസ് ഒരു ഗോളിന് ശക്തരായ അൽഫോസ് റൗദയെയും പരാജയപ്പെടുത്തി. രണ്ടു വമ്പൻ ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടുന്നതിനാൽ ഒരു മികച്ച മത്സരം തന്നെയായിരിക്കും വെള്ളിയാഴ്ച വൈകുന്നേരം മിശ്രിഫിൽ അരങ്ങേറുക. സോക്കർ ലീഗിന്റെ ലൂസേഴ്‌സ് ഫൈനലിൽ ബ്ലാസ്റ്റേഴ്‌സ് കുവൈത്ത് ബിഗ്‌ബോയ്‌സുമായും മാസ്റ്റേഴ്സ് ലീഗിന്റെ ലൂസേഴ്‌സ് ഫൈനലിൽ ബിഗ്‌ബോയ്സ്‌ അൽഫോസ് റൗദയെ നേരിടും. ഗ്രാൻഡ് ഫിനാലേക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കെഫാക് ഭാരവാഹികൾ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ