മനാമ: മധ്യവേനല്‍ അവധിയില്‍ ബാല്യ, കൗമാരങ്ങള്‍ക്ക് ആഹ്ലാദത്തിന്റെയും അറിവിന്റേയും വാതായനങ്ങള്‍ തുറന്ന് കേരള കാത്തലിക് അസോസിയേഷന്‍ (കെസിഎ) സമ്മര്‍ ക്യാംപ്. മൂന്നര വയസ്സുമുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തിയാണു ക്യാംപ് നടക്കുന്നത്. കെസിഎ അംഗങ്ങളുടേയും അല്ലാത്തവരുടേയും കുട്ടികള്‍ക്കു ക്യാംപില്‍ പങ്കെടുക്കാമെന്നു പ്രസിഡന്റ് കെ.പി.ജോസ്, ജന. സെക്രട്ടറി വിജു കല്ലറ ജോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജൂലൈ ഒന്നുമുതല്‍ ആരംഭിക്കുന്ന വേനല്‍ ക്യാംപ് ഓഗസ്റ്റ് 18 വരെ നീളും. ഉദ്ഘാടന സെഷനിലും ഗ്രാന്റ് ഫിനാലേയിലും രക്ഷിതാക്കളും സംബന്ധിക്കും. ഞായര്‍ മുതല്‍ വ്യഴം വരെ രാവിലെ എട്ടുമുതല്‍ 12.30 വരെയാണു ക്യാംപ്. കെസിഎയില്‍ ഒരുക്കിയ വിവിധ ഹാളുകള്‍ ക്യാംപിനായി ഉപയോഗിക്കും.

കളിയിലൂടെയും പഠന പ്രവര്‍ത്തനങ്ങളിലൂടെയും വേനലവധിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണു ലക്ഷ്യമെന്നു സംഘാടകര്‍ പറഞ്ഞു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ സമഗ്രമായി സമീപിക്കുന്നതായിരിക്കും ക്യാംപ്. കളികള്‍, കലാ പരിശീലനങ്ങള്‍, ബുദ്ധി വികാസം, കരകൗശലം, ചിത്ര രചന, പൊതു വിജ്ഞാനം, നാടക പരിശീലനം, സംഘഗാനം, ഏകാങ്കം, ചലച്ചിത്രം, പിക്‌നിക്ക്, ഫോട്ടോഗ്രാഫി, വെജിറ്റബിള്‍ കാര്‍വിങ്, പാചകം, ക്ലേ മോഡലിങ്, മാജിക് ഷോ, ഗ്രൂപ്പ് ഡാന്‍സ്, ബാഡ്മിന്റണ്‍, കരാട്ടെ, നീന്തല്‍ തുടങ്ങിയ പരിപാടികളാണ് ക്യാംപില്‍ ഉണ്ടാവുക. വീട്ടില്‍ പാചകം ചെയ്ത ഭക്ഷണമാണു കുട്ടികള്‍ക്കു നല്‍കുക.

ആവശ്യമുള്ളവര്‍ക്കു ഗതാഗത സൗകര്യം ഒരുക്കും. ഒരു കുട്ടിക്കു 40 ദിനാറും രണ്ടു സഹോരങ്ങള്‍ക്കു 70 ദിനാറുമാണ് ഫീസ്. അംഗങ്ങളല്ലാത്തവര്‍ക്ക് 45, 80 എന്നിങ്ങനെയുമാണു ഫീസ്. അര്‍ഹരായവര്‍ അപേക്ഷിച്ചാല്‍ ഇളവ് അനുവദിക്കും. അപേക്ഷാ ഫോറം കെസിഎ ഓഫിസിൽ ലഭിക്കും. ക്യാംപിന്റെ ജനറല്‍ കണ്‍വീനര്‍മാരായ പീറ്റര്‍ തോമസ്, ജൂലിയറ്റ് തോമസ്, കോ ഓഡിനേറ്റര്‍മാരായ സോണിസ് ഫിലിപ്, മാഗി വര്‍ഗീസ്, ജോയല്‍ജോസ്, കെ.പി.ജോസ്, ഷിജു ജോണ്‍, ടി.ഒ.ജോണ്‍സണ്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ