മനാമ: കെസിഎ ആതിഥ്യം വഹിക്കുന്ന ഇന്റോ- ബഹ്‌റൈന്‍ വോളിബാള്‍ ടൂര്‍ണമെന്റ് നവംബര്‍ മൂന്നിനു തുടങ്ങുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ സൗദ് ആരാംകോ അടക്കം എട്ടു ടീമുകളാണ് ഏറ്റുമുട്ടുക. ആദ്യ റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളായി ലീഗ് അടിസ്ഥാനത്തില്‍ മല്‍സരിക്കും.

രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന മല്‍സരം കെഎസിഎ ഗ്രൗണ്ടില്‍ എല്ലാ ദിവസവും വൈകിട്ട് 7.30 ന് ആരംഭിക്കും. വന്‍തോതില്‍ കാണികള്‍ എത്തുന്ന ടൂര്‍ണമെന്റിനായി പ്രത്യേക ഗ്യാലറി സജ്ജമാക്കും. വിജയികള്‍ക്ക് 1000 ഡോളറും റണ്ണേഴ്‌സപ്പിന് 500 ഡോളറുമാണു സമ്മാനത്തുക. ട്രോഫികളും വ്യക്തിഗത സമ്മാനങ്ങളും നല്‍കും. ടോബി മാത്യു കണ്‍വീനറും ഷിജു ജോണ്‍ കോ ഓർഡിനേറ്ററുമായി വിപുലമായ കമ്മിറ്റിയാണു ടൂര്‍ണമെന്റിനു നേതൃത്വം നല്‍കുക. സിബി കൈതാരത്താണു സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റിക്കു നേതൃത്വം നല്‍കുന്നത്.

kca, bahrain

മൂന്നു പതിറ്റാണ്ടായി ബഹ്‌റൈന്‍ പ്രവാസികള്‍ക്കിടയില്‍ കലാ, സാഹിത്യ, വിദ്യാഭ്യാസ, കായിക രംഗങ്ങളില്‍ ശ്രദ്ധേയമായ കെസിഎ വിജയകരമായി നടത്തി വരുന്ന അന്താരഷ്ട്ര വോളി മേളയാണിത്. സ്വദേശി താരങ്ങളും വിവിധ രാജ്യങ്ങളുടെ ടീമുകളും ഇന്ത്യന്‍ ടീമില്‍ നിന്നുള്ളവരും ടൂര്‍ണമെന്റില്‍ കളിക്കും. സ്ഥിരമായ പരിശീലനം അടക്കം വോളിബാളിന് ബഹ്‌റൈനില്‍ ആരും നല്‍കാത്ത പ്രധാന്യമാണു കെസിഎ നല്‍കുന്നതെന്നും സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെ.പി.ജോസ്, വര്‍ഗീസ് കാരക്കല്‍, ഷിജു ജോണ്‍, പീറ്റര്‍ പൈലി, തോമസ് പുത്തന്‍വീടന്‍, പീറ്റര്‍ തോമസ്, സിബി കൈതാരം, റോയ്‌സണ്‍ മാത്യു, ടോബി മാത്യു എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ