മനാമ: മലയാളത്തിന്റെ പെന്നോണത്തെ വരവേല്‍ക്കാന്‍ കെസിഎ ബഹ്‌റൈന്‍ ഓണം മഹോത്സവം സംഘടിപ്പിക്കും. പരിപാടിക്ക് സെപ്റ്റംബർ ഒന്നിനു തിരിതെളിയുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ ഐപിഎസ് ദമ്പതികളായ അജിത ബീഗം, സിതിഷ് ബിനോ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. സെപ്തംബര്‍ എട്ടു വരെ നീളുന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയത്.
ഒന്നിന് ഉദ്ഘാടനത്തോടൊപ്പം കേരളത്തിലെ പാരമ്പര്യ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി അത്യാകര്‍ഷകമായ ഘോഷയാത്രയും കണ്ണിനും കാതിനും മാറ്റു കൂട്ടുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

രണ്ടിന് പോയകാല സ്മൃതികളെ തൊട്ടുണര്‍ത്തുന്ന സാന്ദ്ര സംഗീതവുമായ് തിരുവാതിര മത്സരം നടക്കും. ബഹ്‌റൈനിലെ പ്രമുഖരായ തിരുവാതിര സംഘങ്ങള്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: ജോണ്‍സണ്‍ 36464560. മൂന്നിനു വൈകീട്ടു കെസിഎ അങ്കണത്തില്‍ വടംവലി മത്സരം നടക്കും. ബഹ്‌റൈനിലെ അറിയപ്പെടുന്ന ടീമുകള്‍ പങ്കെടുക്കും. വടംവലിക്ക് ശേഷം കെസിഎ റിഥംസ് ഓഫ് ബഹ്‌റൈൻ അരങ്ങേറും. ബഹ്‌റൈനിലെ തൊഴിലാളി സഹോദരങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങള്‍ കരോക്കെ ഗാനാലാപനം, മിമിക്രി, പദ്യം ചൊല്ലല്‍ എന്നീ മത്സരങ്ങള്‍ അരങ്ങേറും. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന പരിപാടിയിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.

നാല്, അഞ്ച് തീയതികളില്‍ പഴയ കാല ഓണത്തിന്റെ മധുര സങ്കല്‍പ്പങ്ങള്‍ പങ്കു വെയ്ക്കാന്‍ അംഗങ്ങള്‍ക്ക് മാത്രമായി അവസരമൊരുക്കുന്ന കലാകായിക മത്സരങ്ങള്‍ ഉണ്ടാവും. പായസമത്സരം ആറിന് വൈകീട്ട് 7 ന് ആരംഭിക്കും. അന്ന് പന്തളം ബാലന്‍ നയിക്കുന്ന മ്യൂസിക് നൈറ്റ് അരങ്ങേറും. മ്യൂസിക് നൈറ്റില്‍ ബഹ്‌റൈനില്‍ അറിയപ്പെടുന്ന ഗായിക വിജിത ശ്രീജിത്ത് പങ്കെടുക്കും. തുടര്‍ന്ന് ശിങ്കാരിമേളം നടക്കും. എട്ടിന് ഓണം മഹാസദ്യ കെ.സി.എ അങ്കണത്തില്‍ രാവിലെ 11 ന് ആരംഭിക്കും. ഫോണ്‍: രാജു പി ജോസഫ് 39628556, കെ.ഐ.റിച്ചാര്‍ഡ്: 39868576.

വാര്‍ത്താ സമ്മേളനത്തില്‍ കെസിഎ പ്രസിഡന്റ് കെപി ജോസ്, കെഎഫ്‌സി ജി.എം പെന്‍സിലി വര്‍ക്കി, തോമസ് ചിറമ്മല്‍, സോണിസ് ഫിലിപ്, സേവി മാത്തുണ്ണി, ടി.ഒ.ജോണ്‍സണ്‍, ടോബി മാത്യു, വിന്‍സന്റ്, ജോളി ജോസഫ്, സോവിച്ചന്‍ ചെന്നാട്ടുശ്ശേരി എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ