റിയാദ്: കശ്മീരിലെ കത്തുവയില്‍ നടന്ന രാജ്യത്തെ നടുക്കിയ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചില്ല സർഗവേദിയുടെ ഏപ്രിൽ വായന. കത്തുവയിലെ സംഭവുമായി ബന്ധപ്പെട്ട് കെ.സച്ചിദാനന്ദൻ എഴുതിയ ‘ബാബായ്ക്ക് ഒരു കത്ത്’ എന്ന കവിതയിലൂടെ പരിപാടി ആരംഭിച്ചു. കെട്ട കാലത്ത് തന്റെ കവിതയിലൂടെ സച്ചിദാന്ദൻ നടത്തുന്ന ഇടപെടലുകൾ പ്രത്യേകം പരാമർശിക്കപ്പെട്ടു. ഹോളോകാസ്റ്റിന് ശേഷം കവിതയെഴുതുക എന്നത് പ്രാകൃതമാണെന്ന തിയോഡർ അഡോണയുടെ വാക്കുകൾ ഈ സമയത്ത് ഓർമ്മിക്കേണ്ടതാണെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. ക്രൂരമായ ഈ കൊലപാതകം നിസാര സംഭവമല്ലെന്നും ഇത്തരം കാര്യങ്ങളില്‍ വരികള്‍ക്കിടയിലൂടെ വായന ആവശ്യമാണെന്നും അഭിപ്രായമുയർന്നു.

ലോക മനഃസാക്ഷിയുടെ മായ്ക്കാൻ കഴിയാത്ത വ്രണമായ ഹോളോകാസ്റ്റിന്റെ പശ്ചാത്തലത്തിൽ ഐറിഷ് എഴുത്തുകാരൻ ജോണ്‍ ബോയന്‍ രചിച്ച ‘ദി ബോയ് ഇന്‍ സ്ട്രിപ്പ്ഡ് പൈജാമ’ എന്ന നോവലിന്റെ വായനാനുഭവം ഫാത്തിമ സഹ്‌റ നടത്തി. കണ്ണീരിന്റെ ആഴങ്ങളിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന കഥാപാത്രങ്ങളും കഥാചിത്രങ്ങളും ഹൃദസ്‌പർശിയായി നോവലിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് ഫാത്തിമ സഹ്‌റ പറഞ്ഞു.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ.അംബേദ്കറുടെ തിരഞ്ഞെടുത്ത കൃതികളുടെ വായന ഇഖ്ബാൽ കൊടുങ്ങല്ലൂർ നടത്തി. ജാതി സംബന്ധിച്ച് ഇന്ത്യയിൽ നിലനിൽക്കുന്ന മാനവ വിരുദ്ധ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് അംബേദ്‌കർ ഉയർത്തിയ ചോദ്യങ്ങൾ പൂരിപ്പിക്കാത്ത സമസ്യകളായി നിലനിൽക്കുന്നു എന്നതാണ് ഇന്ത്യ ഇക്കാലത്തും നേരിടുന്ന പ്രശ്നങ്ങളെന്ന് ഇഖ്ബാൽ പറഞ്ഞു. ബ്രാഹ്മണ കുബുദ്ധികളുണ്ടാക്കിയ ചാതുര്‍ വര്‍ണ്യ ജാതി സമ്പ്രദായം ശരിയും ശാസ്ത്രീയവും ദൈവീകവുമാണെന്ന ധാരണകളെ കാര്യ-കാരണങ്ങൾ സഹിതം പൊളിച്ചടുക്കുകയാണ്. ബ്രാഹ്മണിസത്തെക്കുറിച്ച് ഏറ്റവുമധികം പഠിച്ച ഡോ.അംബേദ്കകർ തന്റെ കൃതികളിലൂടെ ചെയ്തതെന്ന് ഇഖ്ബാൽ നിരീക്ഷിച്ചു.

നഷ്ടബാല്യത്തെ ഓർത്തെടുക്കുന്ന മനോഹരമായ രചനയാണ് മാധവിക്കുട്ടിയുടെ ‘ബാല്യകാലസ്മരണകൾ’ എന്ന് പുസ്തകാവതരണം നടത്തിയ പ്രിയ സന്തോഷ് പറഞ്ഞു. നാളെയെക്കുറിച്ച് ചിന്തകളില്ലാത്ത ബാല്യകാലമാണ് ജീവിതത്തിൽ ഏറ്റവും മനോഹരമായതെന്നു മാധവിക്കുട്ടി ഈ കൃതിയിലൂടെ ഓർമ്മിപ്പിക്കുന്നതായും പ്രിയ പറഞ്ഞു.

ആന്റി വയറിന്റെ പ്രശസ്ത സയൻസ് ഫിക്ഷൻ ‘ദ മാർഷ്യൻ’ എന്ന നോവലിന്റെ ആസ്വാദനം അനസൂയ നടത്തി. 2035ൽ ചൊവ്വ ഗ്രഹത്തിൽ കുടുങ്ങിപോകുന്ന നാസയുടെ ബഹിരാകാശ യാത്രികന്റെ കഥ പറയുന്ന നോവൽ ഭാവനയുടെ സമാനതകളില്ലാത്ത ലോകമാണ് തുറന്നിടുന്നതെന്ന് അനസൂയ അഭിപ്രായപ്പെട്ടു.

സമകാലിക ഇന്ത്യൻ അവസ്ഥകളെ ഏറെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ചില യാഥാർത്ഥ്യങ്ങളെ വരച്ചിടുന്ന കഥകളുടെ സമാഹാരമാണ് ടി.ഡി.രാമകൃഷ്ണന്റെ ‘സിറാജുന്നിസ’ എന്ന് പുസ്തകാവതരണം നടത്തിയ അനിത നസിം പറഞ്ഞു. പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ട 11 വയസുകാരിയുടെ വേദനിപ്പിക്കുന്ന ഓർമകളെ സമകാലികമായ അന്തരീക്ഷത്തിലേക്ക് പറിച്ചുനട്ടുകൊണ്ടാണ് എഴുത്തുകാരൻ ‘സിറാജുന്നിസ’ എഴുതിയതെന്ന് അനിത പറഞ്ഞു.

സഖാവ് കുഞ്ഞാലിയുടെ സമര ജീവിതം പ്രമേയമാക്കി രചിച്ച ‘ഇൻക്വിലാബ്’ എന്ന നോവൽ കൊമ്പൻ മൂസ അവതരിപ്പിച്ചു. ഏറനാടൻ സമരപോരാട്ടങ്ങളുടെ ചരിത്രം കൂടിയായ സഖാവ് കുഞ്ഞാലിയുടെ ആത്മകഥാംശമുള്ള നോവൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഹംസ ആലുങ്ങൽ ഹൃദ്യമായി ആവിഷ്ക്കരിച്ചിരിക്കുന്നുവെന്ന് കൊമ്പൻ മൂസ പറഞ്ഞു.

ശിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ശമീം തളാപ്രത്ത്, ഡാർലി തോമസ്, ലീന സുരേഷ്, അൻസാദ്, നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook