കുവൈത്ത് സിറ്റി: കുവൈത്തിലെ കാസർഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസർഗോഡ് അസോസിയേഷൻ (കെഇഎ) സംഘടിപ്പിക്കുന്ന കാസർഗോഡ് ഉത്സവ് 2017 ഒക്ടോബർ 6 രാവിലെ പത്തു മണി മുതൽ അബ്ബാസിയ ഇന്റർഗ്രേറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സിനിമ പിന്നണി ഗായകരായ അൻവർ സാദാത്, ബാഹുബലി ഫെയിം നയന നായർ എന്നിവരുടെ നേതൃത്വതിലുള്ള ഗാനമേള, നർത്തകി ദീപ സന്തോഷ് മംഗളൂർ ഒരുക്കുന്ന ഭരതനാട്യം എന്നിവയാണ് പരിപാടിയുടെ മുഖ്യ ആകർഷണം. കൂടാതെ ഒപ്പന, തിരുവാതിര, കോൽക്കളി, സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറും,

രാവിലെ 10 മണിക്ക് പൂക്കള മത്സരത്തോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് പുരുഷൻമാർക്കാണ് പായസ മത്സരം, കുട്ടികൾക്ക് കളറിംഗ് മത്സരം, സ്ത്രീകൾക്ക് മൈലാഞ്ചി മത്സരം തുടങ്ങിയവ നടക്കും, വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലി, ചെണ്ടമേളം തുടങ്ങിയവ പരിപാടിക്ക് കൊഴുപ്പേകും

പ്രധാനപെട്ട രണ്ടു ആശയങ്ങളാണ് കാസർകോട് ഉത്സവ് 2017 സ്പെഷ്യൽ പ്രൊജക്ടുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. ഞങ്ങൾ വ്യത്യസ്‍തരല്ല തലക്കെട്ടിൽ തിരഞ്ഞെടുക്കുന്ന നാല് ബഡ്‌സ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, റസ്റ്റ് ഇൻ പീസ് എന്ന തലക്കെട്ടിൽ കാസർഗോഡ് ജില്ലയിലെ സർക്കാർ ആശുപത്രി മോർച്ചറികളിൽ മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള മൊബൈൽ ഫ്രീസർ നൽകുക എന്നിവയാണ് പദ്ധതികൾ.

എൻഡോസൾഫൻ ദുരിതബാധിതർക്കായി നമുക്കും കൈകോർക്കാം, നമുക്കും നൽകാം ഒരു നേരത്തെ ഭക്ഷണം എന്നീ പദ്ധതികൾക്ക് ശേഷമാണ് കെഇഎ പുതിയ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ചു ചേർന്ന യോഗം പ്രസിഡന്റ് അനിൽ കല്ലാറിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചാരിറ്റി കൂപ്പൺ പ്രകാശനം മലബാർ ഗോൾഡ് കുവൈത്ത് ഹെഡ് അഫ്സൽ ഖാൻ നിർവഹിച്ചു.

സലാം കളനാട്, രാമകൃഷ്ണൻ എന്നിവർ വിവിധ പ്രോജക്ടുകളുടെ വിശദീകരണം നൽകി. ഹമീദ് മധൂർ, മുഹമ്മദ് ആറങ്ങാടി, അഷ്‌റഫ് തൃക്കരിപ്പൂർ, നാസർ ചുള്ളിക്കര, സമദ് കൊട്ടോടി, നളിനാക്ഷൻ, നാസർ പി.എ, സുദൻ ആവിക്കര, നൗഷാദ് തിടിൽ, യൂണിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

സംസ്കൃതി സി.വി.ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം 2017 രചനകള്‍ ക്ഷണിക്കുന്നു
സാഹിത്യകാരന്‍ സി.വി.ശ്രീരാമന്‍റെ സ്മരണാര്‍ത്ഥം സംസ്കൃതി സംഘടിപ്പിക്കുന്ന സംസ്കൃതി-സി.വി.ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം 2017 – ലേക്കുള്ള രചനകള്‍ ക്ഷണിക്കുന്നു. ചെറുകഥാ വിഭാഗത്തിലാണ് മത്സരം. ജിസിസി രാജ്യങ്ങളില്‍ താമസക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസി മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളായിരിക്കും മത്സരത്തിലേക്ക് പരിഗണിക്കുക. 50,000 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്കാരം.

കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാര്‍ ഉള്‍കൊള്ളുന്ന ജൂറി ആയിരിക്കും അവാര്‍ഡ് നിര്‍ണ്ണയിക്കുക. മത്സരത്തിലേക്ക് രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2017 സെപ്റ്റംബര്‍ 15 ആയിരിക്കും. രചനകള്‍ തപാല്‍ മാര്‍ഗമോ (Sanskriti-C.V. Sreeraman Literary Award, P. O. Box :23671, Doha – Qatar) ഇ.മെയില്‍ gcccvsward@gmail.com , emsudhi@yahoo.com ) വഴിയോ അയക്കാവുന്നതാണ്. നിബന്ധനകളും കൂടുതല്‍ വിവരങ്ങളും അറിയുന്നതിന് +974 55859609, +974 33310380 എന്നീ മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook