കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്തിലേക്കുള്ള സര്‍വീസ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 8.10നായിരുന്നു ആദ്യ സര്‍വ്വീസ്. 188 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യയുടെ വിമാനം കണ്ണൂരില്‍ നിന്നും ബഹ്റൈൻ വഴി കുവൈത്തിലേക്ക് പറന്നത്.
ഡല്‍ഹി, കോഴിക്കോട് സര്‍വ്വീസും ആരംഭിച്ചു. കണ്ണൂര്‍വഴി കോഴിക്കോട്ടേക്കും തിരിച്ചും ആഴ്ചയില്‍ അഞ്ച് ദിവമാണ് സര്‍വീസ്. ഏപ്രില്‍ രണ്ടാം തീയതി മുതല്‍ മസ്‌കറ്റിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസമാണ് മസ്‌കറ്റിലേക്കുള്ള സര്‍വീസ്.
ഇതുകൂടാതെ ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്ക് മെയ് മാസം മുതലും സര്‍വീസ് ആരംഭിക്കും. അബുദാബിയിലേക്ക് നിലവില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്.
Also Read: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവ്വീസുകൾ
അതേസമയം, കണ്ണൂരില്‍നിന്നുള്ള രാജ്യാന്തര സര്‍വീസുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയിട്ടുണ്ട്. അവധിക്കാലം തുടങ്ങുന്നതും ജെറ്റ് എയർവെയ്സിന്റെ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതുമാണ് നിരക്കുയരാന്‍ കാരണം. ദോഹ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള നിരക്ക് 12,000 മുതല്‍ 15,000 വരെ ആയിരുന്നത് ഇപ്പോള്‍ 25,000 മുതല്‍ 32,000 വരെയായി. ഗള്‍ഫില്‍ അവധിക്കാലമാകുന്ന ജൂണ്‍, ജൂലൈ മാസങ്ങളിലും ടിക്കറ്റ് നിരക്ക് കൂടാനിടയുണ്ട്.