കുവൈത്ത് സിറ്റി; മലയാളനാടകവേദിയിലെ അവതരണത്തിലും രചനാ രീതികളിലും വലിയ മാറ്റങ്ങളുണ്ടാവുന്നുവെന്നും ഈ പുത്തൻ പ്രവണതകൾ അരങ്ങിന്റെ മാറിവരുന്ന സൗന്ദര്യശാസ്ത്രത്തിന്റെ സൂചനകളാണെന്നും പ്രശസ്ത രംഗപട കലാകാരൻ ആർട്ടിസ്റ്റ് സുജാതൻ അഭിപ്രായപ്പെട്ടു. കേരള ആർട്സ് ആന്റ് നാടക അക്കാഡമി (കാനാ കുവൈത്ത്) സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടകാചാര്യൻമാർ കാലങ്ങളായി അനുവർത്തിച്ചു പോന്നിരുന്ന രചനാശീലങ്ങളിൽ വലിയ മാറ്റമുണ്ടായിരിക്കുന്നു. സംഭാഷണ പ്രധാനങ്ങളായിരുന്ന നാടകങ്ങൾ ഇന്ന് ദൃശ്യപ്രധാനമായ നാടകങ്ങൾക്കു വഴിമാറിയിരിക്കുന്നു. കേരളത്തിലെ മുൻനിര നാടകസമിതികളുടെ മൂവായിരത്തിലധികം നാടകങ്ങൾക്കുവേണ്ടി രംഗപടമൊരുക്കിയിട്ടുള്ള ആർട്ടിസ്റ്റ് സുജാതൻ, കാനാ കുവൈത്തിന്റെ പ്രഥമ നാടകമായ ‘അബ്രഹാമിനു’ പശ്ചാത്തലമൊരുക്കുന്നതിനാണ് കുവൈത്തിലെത്തിയത്.

“സാങ്കേതികവിദ്യയുടെ അതിപ്രസരവും ദൃശ്യപ്പൊലിമയുടെ ഗിമ്മിക്കുകളുമാണ് 2000 നു ശേഷം മലയാളനാടകവേദിയിൽ പ്രകടമായി കാണുന്നത്. മാറിവരുന്ന ഈ രംഗശീലങ്ങൾ പക്ഷെ, പുതുതലമുറയുടെ അഭിരുചിക്കനുസൃതമായി രൂപപ്പെടുന്നതാവാം,” സുജാതൻ സൂചിപ്പിച്ചു. കുവൈത്തിലെ പ്രവാസ നാടകരംഗത്ത് ചരിത്രം രചിച്ചുകൊണ്ട്, കാനാ കുവൈത്ത് അവതരിപ്പിക്കുന്ന പ്രഥമ നാടകം ‘അബ്രഹാം’ നവംബർ 16-17 തീയതികളിൽ അരങ്ങിലെത്തുമെന്നു ഭാരവാഹികൾ അറിയിച്ചു. കുവൈത്ത് ബോയ് സ്കൗട്സ് തിയേറ്റർ, ഹവല്ലിയിൽ നവംബർ 16 വ്യാഴാഴ്ച വൈകുന്നേരം 6.30 ന് ഉദ്ഘാടന അവതരണം നടക്കും.

kana, kuwait

അതേ വേദിയിൽ തന്നെ നവംബർ 17 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 നും വൈകുന്നേരം 7 മണിക്കും രണ്ട് അവതരണങ്ങൾ കൂടി ഉണ്ടായിരിക്കുമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു. പ്രശസ്ത നാടകകൃത്ത് ഫ്രാൻസിസ് ടി.മാവേലിക്കര രചന നിർവ്വഹിച്ച ഈ ചരിത്ര നാടകത്തിന്റ സംവിധാനം പ്രവാസനാടകവേദിയിൽ 25 വർഷം പൂർത്തിയാക്കിയ കലാശ്രീ ബാബു ചാക്കോളയാണ് നിർവ്വഹിക്കുന്നത്. രംഗപടമൊരുക്കുന്നത് അരങ്ങിൽ കട്ടൗട്ടുകളും ചായക്കൂട്ടുകളും കൊണ്ടു വിസ്മയം തീർക്കുന്ന ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ ആണ്. രംഗസാക്ഷാത്കാരം രാജു ചിറയ്ക്കലും പശ്ചാത്തലസംഗീതം മനോജ് മാവേലിക്കരയും നിർവ്വഹിക്കുന്നു. നാടകത്തിൽ പ്രധാന വേഷത്തിലെത്തുന്ന കുമാർ തൃത്താല അസോസിയേറ്റ് ഡയറക്ടർ ആയും മഞ്ജു മാത്യു സഹ സംവിധായികയായും പ്രവർത്തിക്കുന്നു

പ്രസിഡന്റ് കുമാർ തൃത്താല, ജനറൽ സെക്രട്ടറി ജിജു കാലായിൽ, സംവിധായകൻ ബാബു ചാക്കോള, പ്രോഗ്രാം കോർഡിനേറ്റർ സജീവ് കെ.പീറ്റർ, ചിറക്കൽ രാജു, സഹസംവിധായിക മഞ്ജു മാത്യു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. വിശദാംശങ്ങള്‍ക്ക് 97213920, 97277151, 99124096, 69926711 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ