റിയാദ്: ഇടതു മാറി, വലതു വച്ച്, കാലുകൾ അമർത്തി, ഞെരിഞ്ഞമർന്നു, ഉയർന്നു ചാടി, പറന്നു വെട്ടി അവർ അങ്കണത്തിലെത്തിയപ്പോൾ കാണികൾക്ക് ആവേശവും അമ്പരപ്പുമുണ്ടായി. ജനാദ്രിയ ഉത്സവത്തിന് ഇന്ത്യൻ പവലിയനിൽ കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് അരങ്ങേറിയപ്പോൾ ശ്വാസം അടക്കി പിടിച്ചാണ് സ്വദേശികൾ ഉൾപ്പടെയുള്ളവർ സദസ്സിൽ നിന്നത്.

അങ്ക വസ്ത്രമണിഞ്ഞു വിവിധ ആയുധങ്ങൾ കൊണ്ടുള്ള അങ്കത്താരി അരങ്ങിൽ അഭ്യാസം തുടങ്ങിയപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ആർത്തുവിളിച്ചു. നിലക്കാത്ത കരഘോഷമുയർന്നു. അറബിയിൽ പ്രോത്സാഹന വാക്കുകൾ മുഴങ്ങി. പലരും മറ്റ് പവലിയനുകളിൽ നിന്നും അത്ഭുതക്കാഴ്ച കാണാൻ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. വാൾ പയറ്റ്, കടാര പയറ്റ്, കുന്ത പയറ്റ്, ഉറുമി വീശൽ, തെമ്പ്, പഞ്ച് കൈ തുടങ്ങിയ ശ്രദ്ധേയ ഇനങ്ങൾ കോർത്തിണക്കിയായിരുന്നു പ്രദർശനം.

ആശാൻ രാജൻ മുള്ളാരാട്ടിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ കളരി ഗുരുകുലത്തിൽ നിന്നെത്തിയ സംഘമാണ് കാഴ്ചക്കാരുടെ മനം കവർന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് കാഴ്ചക്കാർക്ക് മുമ്പിൽ കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമെത്തിയ അഭ്യാസികൾ കളരിപ്പയറ്റ് അഭ്യസിച്ചത്. അഭ്യാസികളിൽ മലയാളികളും കർണാടകക്കാരുമുണ്ട്. കളരി അഭ്യസിക്കാൻ ഗുരുകുലത്തിൽ വിദേശികൾ ധാരാളമെത്തുന്നുണ്ടെന്ന് ആശാൻ പറയുന്നു.

സ്പെയിനിൽ നിന്നാണ് കൂടുതൽ ആളുകളെത്തുന്നത്. അമേരിക്ക, റഷ്യ, യുകെ, എന്നീ രാജ്യങ്ങളിൽനിന്നും വിദ്യാർത്ഥികളുണ്ട്. ജനാദ്രിയയിലെ പ്രദർശനം കണ്ട് കളരിയെ കുറിച്ചറിയാനും അഭ്യസിക്കാനും താൽപര്യമുള്ളവർക്ക് ആശാൻ വിവരങ്ങൾ നൽകുന്നുണ്ട്. വർണ്ണ വസ്ത്രങ്ങളും തലപ്പാവുമണിഞ്ഞ പഞ്ചാബികളുടെ ഡാൻസാണ് ഇന്നത്തെ ഇന്ത്യൻ പവലിയനിലെ പ്രധാന ആകർഷണം. ഉത്തരേന്ത്യക്കാർക്കും സൗത്ത് ഇന്ത്യക്കാർക്കും ഏറെ പ്രിയമുള്ള ഇനമാണ് പഞ്ചാബി ഡാൻസ്. വാരാന്ത്യമായതിനാൽ വലിയ തിരക്ക് അനുഭവപ്പെടും. തിരക്ക് നിയത്രിക്കുന്നതിനും മറ്റ് സേവനങ്ങൾ നൽകുന്നതിനും പവലിയന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം സജീവമാണ്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ