കുവൈത്ത് സിറ്റി: കേരള ആർട്ട് ലവ്വേഴ്‌സ് അസോസിയേഷൻ, കല കുവൈത്തിന്റെ ഈ വർഷത്തെ മെഗാ പരിപാടിയായ മയൂഖം 2017 ന്റെയും, മാതൃഭാഷാ പഠന പ്രവർത്ഥങ്ങളുടെ ഉദ്ഘാടനത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി കല കുവൈത്ത് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. മെഗാ പരിപാടിയിൽ കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. കഴിഞ്ഞ 27 വർഷമായി കല കുവൈത്ത് സംഘടിപ്പിച്ചു വരുന്ന മാതൃഭാഷാ പഠന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ നടനും, സാംസ്കാരിക പ്രവർത്തകനുമായ വി.കെ.ശ്രീരാമൻ നിർവഹിക്കും. ഇന്ത്യൻ എംബസിയിലെ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും.

2017 മെയ് 19, വെള്ളിയാഴ്ച്ച ഹവല്ലി ഖാദ്‌സിയ സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് കലാ പരിപാടികളോട് കൂടിയാണ് പരിപാടി ആരംഭിക്കുന്നത്. 3 മണിക്ക് ആരംഭിക്കുന്ന സാസ്കാരിക സമ്മേളനത്തിൽ കല കുവൈത്ത് മെയ് 5ന് സംഘടിപ്പിച്ച ബാലകലാമേള 2017 വിജയികൾക്കുള്ള സമ്മാനദാനം മുഖ്യാതിഥി നിർവഹിക്കും. കല കുവൈത്ത് കലാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന “ഫിലിം സൊസൈറ്റി”യുടെ ഉദ്ഘാടനം വേദിയിൽ നടക്കും.

കുവൈത്തിലെ പ്രമുഖ സംവിധായകരുടെ മേൽനോട്ടത്തിൽ കല കുവൈത്ത് പ്രവർത്തകർ അണിയിച്ചൊരുക്കുന്ന വിവിധ സ്‌കിറ്റുകൾ, ദേശീയോദ്ഗ്രഥനം വിളിച്ചോതുന്ന ഫ്യുഷൻ ഡാൻസ്, കലാ പരിപാടികൾ, ബാലകലാമേളയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പരിപാടികൾ എന്നിവ അവതരിപ്പിക്കപ്പെടും. സിനിമാ പിന്നണിഗായകാരായ സുധീപ് കുമാറും, രാജലക്ഷ്മിയും നയിക്കുന്ന സംഗീത സന്ധ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സാംസ്കാരിക സമ്മേളനത്തിലും, തുടർന്നുള്ള കലാ മേളയിലും കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, മാധ്യമപ്രവർത്തകരും സംബന്ധിക്കും.

ഫര്‍വാനിയ മെട്രോ മെഡിക്കല്‍ ഓഡിറ്റോറിയത്തിൽ നടന്ന പത്ര സമ്മേളനത്തില്‍ കല കുവൈത്ത് പ്രസിഡന്‍റ് സുഗതകുമാര്‍, ജനറല്‍ സെക്രട്ടറി ജെ.സജി, ട്രഷറര്‍ രമേശ് കണ്ണപുരം, സാം പൈനുംമൂട്, ജിതിന്‍ പ്രകാശ്, സജീവ് എം.ജോർജ് എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ