കുവൈത്ത് സിറ്റി: ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന സംഘപരിവാർ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കല കുവൈത്തിന്റെ നേതൃത്വത്തിൽ ‘നോട്ട് ഇൻ മൈ നെയിം’ ക്യാംപെയിൻ സംഘടിപ്പിക്കുന്നു. ജൂലൈ 6, വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഗോ സംരക്ഷണത്തിന്റെ പേരിലും മറ്റും രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുനേരെ വര്‍ഗീയ ആക്രമണങ്ങൾ വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഇതിനെതിരായുള്ള പ്രതിഷേധത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊതുപ്രവര്‍ത്തകരും കല-സാംസ്കാരിക പ്രവര്‍ത്തകരും സാധാരണക്കാരും വിദ്യാര്‍ഥികളും യുവജനങ്ങളും മാധ്യമപ്രവര്‍ത്തകരും പങ്കുചേര്‍ന്നു. അന്താരാഷ്ട്ര തലത്തിലും പ്രതിഷേധങ്ങളും ഉയർന്നു വരികയാണ്.

ബീഫ് കൈവശം സൂക്ഷിച്ചു എന്ന പേരില്‍ മനുഷ്യരെ കൊല്ലരുത് എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ കഴിയും മുമ്പേ ജാര്‍ഖണ്ഡിൽ അടുത്ത കൊലപാതകം നടന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളുടെ പ്രസ്താവനകളും നിലപാടും ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനമാവുകയാണ്. കൊല്ലപ്പെടുന്നവരിൽ 85 ശതമാനം പേരും ന്യൂനപക്ഷ സമുദായത്തിൽപെട്ടവരാണ്. ഗോസംരക്ഷണത്തിന്റെ മറവില്‍ ദലിത് വിഭാഗത്തിനെതിരെയും സംഘപരിവാറിന്റെ ആക്രമണം ശക്തിപ്പെട്ടിട്ടുണ്ട്. ഇത്തരം അനീതികൾക്കെതിരെ പ്രവാസി സമൂഹത്തിന്റെ പ്രതിഷേധം ഉയർന്നു വരണമെന്നും, മതനിരപേക്ഷത കാത്ത് സൂക്ഷിക്കുന്ന എല്ലാവരും മനുഷ്യനായി ജീവിക്കാനുള്ള അവകാശം കവർന്നെടുക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള ഈ ബഹുജന കൂട്ടായ്മയിൽ പങ്ക് ചേരണമെന്നും കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ.സജി, ആക്ടിങ് പ്രസിഡന്റ് കെ.വി.നിസാർ എന്നിവർ അഭ്യർത്ഥിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook