റിയാദ്: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ട്രോളുകൾ വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ട്രോളുകളെ ഭയക്കുന്നില്ലെന്നും കെ.സുരേന്ദ്രൻ. ട്രോളുന്നത് ഏത് വിഷയത്തിലായാലും അതിന്റെ യാഥാർഥ്യം തിരിച്ചറിയാനുള്ള ബോധമുള്ളവരാണ് കേരളത്തിലെ ജനങ്ങളെന്ന ബോധം തനിക്കുണ്ടെന്നും ഐഇ മലയാളത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ മെട്രോ യാത്രയെ പരിഹസിച്ചും നിരവധി ട്രോളുകൾ ശ്രദ്ധയിൽ പെട്ടു. എല്ലാ പ്രോട്ടോകോളുകളും പാലിച്ച് പ്രധാനമന്ത്രിയെ അനുഗമിക്കുകയാണ് അദ്ദേഹം ചെയ്തത്. അല്ലാതെ എവിടെയും വലിഞ്ഞു കേറുന്ന ആളല്ല കുമ്മനം രാജശേഖരനെന്നും സുരേന്ദ്രൻ പറഞ്ഞു.

എല്ലാ വിഷയങ്ങളിലും ട്രോളുകൾ ഉണ്ടാകും. അതൊക്കെ ഭയന്ന് പൊതുപ്രവർത്തനം നടത്താനാകുമോ എന്നും അദ്ദേഹം ചോദിച്ചു. പൊതു സമൂഹത്തിൽ തന്നെ ഭീകരനായി ചിത്രീകരിക്കാൻ വാർത്തകളും ട്രോളുകളും പടച്ചുണ്ടാക്കുന്നവരുണ്ട്. അവരുടെ ലക്ഷ്യം വേറെയാണ്. അതൊന്നും കേരളത്തിൽ വിലപ്പോകില്ല.

കേരളത്തിൽ ബീഫ് നിരോധനമില്ല. ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിച്ചു ഭയം പരത്തുകയാണ് മാധ്യമങ്ങളുൾപ്പടെ ചെയ്യുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകളാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. കേരളം ഒഴികെ മറ്റൊരു സംസ്ഥാനത്തും ബീഫ് ഫെസ്റ്റുകൾ നടന്നില്ല. കശാപ്പ് ചെയ്യുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണമെന്നത് പൊതുജന ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. അക്കാര്യത്തിൽ വിട്ടു വീഴ്ച ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ ഇടയ്ക്കുണ്ടായ സംഭവങ്ങൾ മുഴുവൻ എനിക്കെതിരെയുള്ള ട്രോളായി മാറി. മഞ്ചേശ്വരത്ത്‌ തിരഞ്ഞെടുപ്പ് ശരിയായ രീതിയിൽ നടന്നിരുന്നെങ്കിൽ മൂവായിരത്തിൽ പരം നോട്ടുകൾക്ക് ഞാൻ ജയിക്കുമായിരുന്നു . വ്യാജ വോട്ടുകളുടെ കുത്തൊഴുക്കാണ് തന്നെ അവിടെ പരാജയപ്പെടുത്തിയത്. കേസ് കോടതിയിൽ ആയതിനാൽ ഒന്നും പറയുന്നില്ല. എന്നാൽ മഞ്ചേശ്വരത്ത് കേസ് പൂർത്തിയാകുമ്പോൾ അവസാനം ചിരിക്കുന്നത് ആരാണെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ചെയ്യുന്ന നല്ല പ്രവർത്തികളെ അഭിനന്ദിച്ചു കൊണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതൊന്നും ഇത്തരക്കാരുടെ ശ്രദ്ധയിൽ വരില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ