ജിദ്ദ: ഗള്‍ഫിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വി.എം.സതീശിന്റെ നിര്യാണത്തില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചനം രേഖപ്പെടുത്തി. സമൂഹത്തോട് പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തകരില്‍ മുന്‍നിരയിലായിരുന്നു സതീശിന്റെ സ്ഥാനം. നിരാലംബരും ഹതാശരുമായ നൂറുകണക്കിന് പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ ഉതകുംവിധം കാരുണ്യത്തിന്റെ തൂലിക ചലിപ്പിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹമെന്ന് ഫോറം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു സതീശിന്റെ എഴുത്തും ജീവിതവും. പ്രലോഭനങ്ങളില്‍ വശംവദനാവാതെ മൂര്‍ച്ചയുള്ള വാക്കുകളും ആര്‍ദ്രതയും നന്മയും നിറഞ്ഞ വാര്‍ത്തകളുമായി അദ്ദേഹം തന്റെ മാധ്യമജോലി സക്രിയമാക്കി. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ടപ്പോഴും അചഞ്ചലമായി നിലകൊണ്ടു. ‘അപകടകരമായ സത്യസന്ധത’യെ കുറിച്ച് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അന്ത്യനിമിഷം വരെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭൂമികയില്‍ ചുവടുറപ്പിച്ച് മുന്നേറി. സതീശിന്റെ വേര്‍പാട് മാധ്യമ ലോകത്തിനും ഗള്‍ഫ് മലയാളികള്‍ക്കും തീരാനഷ്ടമാണെന്നും സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മീഡിയ ഫോറം അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ