റിയാദ് : സൗദി അറേബ്യയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് തൊഴിൽ തേടിയതും നേടിയതുമായ 185 വിദേശ എൻജിനീയർമാരെ കഴിഞ്ഞ വർഷം പോലീസ് അറസ്റ്റ് ചെയ്തതായി സൗദി കൗൺസിൽ ഓഫ് എൻജിനീയറിങ് പ്രസിഡന്റ് എൻജിനീയർ: ജലീൽ അൽ ബക്കാവി അറിയിച്ചു. ത്വാഇഫിൽ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് ശാഖ സംഘടിപ്പിച്ച മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി കൗൺസിൽ ഓഫ് എൻജിനിഴേസാണ് വ്യാജ രേഖകൾ കണ്ടെത്തിയത്. തുടർ നടപടികൾക്കായി കേസുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. സൗദി അറേബ്യയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി തേടുകയോ നേടുകയോ ചെയ്യുന്നത് തടയാന്നതിന് ഔദ്യോഗിക നടപടികൾ നടക്കുന്നതിനാൽ ഉദ്യോഗാർത്ഥികളൾ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഒറിജനലാണോ എന്ന് പരിശോധിക്കണമെന്ന് നേരത്തെ ഔദ്യോഗിക കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നവർക്കും അതിനായി ശ്രമിക്കുന്നവർക്കുമെതിരെ ശക്തമായി നടപടിയുണ്ടാകുമെന്നുളള ഔദ്യോഗിക അറിയിപ്പ് ഐഇമലയാളം നേരത്തെ റിപ്പോർട്ട് ചെ്യതിരുന്നു.

ആരോഗ്യ രംഗത്തും പരിശോധന തുടരുകയാണ്. ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്‌നീഷ്യൻസ്, എക്സ് -റേ ടെക്‌നിഷ്യൻസ് തുടങ്ങി നിരവധി പേരാണ് ഇതിനകം വ്യാജ രേഖ ഉപയോഗിച്ച് ജോലി നേടിയതായി ആരോഗ്യ മന്ത്രാലയം കണ്ടെത്തിയിട്ടുള്ളതെന്ന് അറിയുന്നു.

സൗദി കൗൺസിലുകളിൽ ജോലി ചെയ്യാനുള്ള അനുമതി കാർഡിനായി അപേക്ഷിക്കുമ്പോൾ തന്നെ അന്തരാഷ്ട്ര വെരിഫിക്കേഷൻ ഏജൻസിയായ ഡാറ്റ ഫ്ലോയുടെ വെരിഫിക്കേഷൻ റിപ്പോർട്ട് വേണം. വെരിഫിക്കേഷൻ നടത്തുന്നതിനായി ഡാറ്റാ ഫ്ലോ യൂണിവേഴ്സിറ്റികളെ സമീപിക്കുമ്പോൾ സർട്ടിഫിക്കറ്റ് വ്യാജമാണെങ്കിൽ വിവരം സൗദി കൗൺസലിന് കൈമാറും. തുടർന്ന് ഇത്തരക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ ഉൾപ്പടെ സൗദി കൗൺസിലുകൾ ബന്ധപ്പെട്ട വകുപ്പിന് കൈമാറി നിയമ നടപടിക്ക് ശുപാർശ ചെയ്യും. അതെ സമയം സ്വദേശത്തെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയവരും അറിയാതെ നിയമക്കുരുക്കിൽ പെടുന്നുണ്ട്.

വാർത്ത : നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ