ദുബായ്: യു എ ഇയിലെ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുന്നതിനു വരിക്കാര്‍ രാജ്യത്തുണ്ടായിരിക്കണം. അംഗമായ ജീവനക്കാര്‍ക്കു ജോലി നഷ്ടപ്പെട്ടാല്‍ മൂന്നു മാസം വരെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണു നഷ്ടപരിഹാരമായി ലഭിക്കുക.
ജനുവരി ഒന്നിനു പ്രാബല്യത്തില്‍ വന്ന പദ്ധതിയില്‍ ജൂണ്‍ 30നു മുന്‍പ് ചേരണം. ഇല്ലെങ്കില്‍ 400 ദിര്‍ഹം പിഴ ഈടാക്കും. നിശ്ചിത തീയതി മുതല്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും 200 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്യും.
ജോലിയില്‍നിന്നു പിരിച്ചുവിട്ടപ്പെട്ട ആര്‍ക്കും (അച്ചടക്ക കാരണങ്ങളോ രാജിയോ ഒഴികെ) നഷ്ടപരിഹാരം ലഭിക്കും. മൂന്നു മാസത്തെ നഷ്ടപരിഹാരത്തുക ഒറ്റത്തവണയായി നല്‍കില്ല. പകരം ഓരോ മാസവും നല്‍കും. അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവര്‍ക്കു മാസം 10,000 ദിര്‍ഹം വരെ നഷ്ടപരിഹാരം ലഭിക്കും. അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവര്‍ക്കു ലഭിക്കാവുന്ന പരമാവധി നഷ്ടപരിഹാരം 20,000 ദിര്‍ഹമാണ്.
തൊഴില്‍ നഷ്ടപ്പെട്ടവര്‍ 30 ദിവസത്തിനുള്ളില്‍ ക്ലെയിം സമര്‍പ്പിക്കണം. തുടര്‍ന്നു രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്നാണു ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. സബ്സ്‌ക്രിപ്ഷന്‍ തീയതി മുതല്‍ തുടര്‍ച്ചയായി കുറഞ്ഞത് 12 മാസത്തേക്ക് ഇന്‍ഷ്വര്‍ ചെയ്ത ജീവനക്കാര്‍ക്കാണു നഷ്ടപരിഹാരത്തിന് അര്‍ഹത.
മൂന്നു മാസം തൊഴില്‍നഷ്ട ആനുകൂല്യങ്ങള്‍ ലഭിച്ചാല്‍ പോളിസി കാലഹരണപ്പെടും. ജീവനക്കാര്‍ മറ്റൊരു ജോലി കണ്ടെത്തിയാല്‍ പുതിയ പോളിസി വാങ്ങണം. തൊഴില്‍ നഷ്ടപ്പെടുകയും വിസ റദ്ദാക്കപ്പെടുകയും ചെയ്താല്‍ അവരുടെ തൊഴില്‍ വിഭാഗം അനുസരിച്ച് യു എ ഇയില്‍നിന്നു പുറത്തുപോകാന്‍ ആറു മാസം വരെ ഗ്രേസ് പിരീഡ് ലഭിക്കും.
നിലവില്‍, ഗാര്‍ഹിക തൊഴിലാളികളും ഫ്രീസോണുകളില്‍ ജോലി ചെയ്യുന്നവരും ഒഴികെയുള്ളവര്‍ക്കാണു പദ്ധതിയില്‍ ചേരാന്‍ അവസരം. ഇവര്‍ ഒഴികെയുള്ള, സ്വദേശികളും പ്രവാസികളുമായ സ്വകാര്യമേഖലയിലെ മുഴുവന്‍ ജീവനക്കാരും നിര്‍ബന്ധമായും അംഗമാകണം. നിക്ഷേപകര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസിനു താഴെയുള്ളവര്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്നവരുമായ വിരമിച്ചവര്‍ക്കും പദ്ധതിയില്‍ അംഗമാകാന്‍ കഴിയില്ല.