റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ രംഗത്തെ പ്രതിസന്ധി രൂക്ഷമായതും കുടുംബ ലെവിയെന്ന അധിക ബാധ്യത തലയില്‍ വന്നതും താങ്ങാനാകാതെ പ്രവാസികള്‍ വലയുന്നു. സ്വദേശിവത്കരണം ഉള്‍പ്പടെയുള്ള വിവിധ കാരണങ്ങളാല്‍ നൂറു കണക്കിന് പ്രവാസികള്‍ക്കാണ് ദിനംപ്രതി തൊഴില്‍ നഷ്ടപ്പെടുന്നത്.
സ്ഥാപനങ്ങളിലെ അധിക ചെലവ് മൂലം ബോണസുകളെല്ലാം വെട്ടിക്കുറച്ചു, പലയിടത്തും സമയത്ത് ശമ്പളം കിട്ടുന്നില്ല, ഇതിനു പുറമെ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിലെ സാമ്പത്തിക പ്രതിസന്ധി മൂലം ഇഖാമ (താമസ രേഖ) പുതുക്കാതെ നിയമ ലംഘകരാകേണ്ടി വന്നവരുമുണ്ട്.
ജന്മദേശത്ത് സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവരാണ് പ്രധാനമായും ഈ പ്രതിസന്ധികളോട് മല്ലടിച്ചു കുടുംബവുമായി നിലവില്‍ സൗദിയില്‍ തുടരുന്നത്. കുടുംബത്തിന്റെ ചെലവ് വഹിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍, ബിസിനസ്സില്‍ പച്ച പിടിച്ചവര്‍, ഭാര്യക്കും ഭര്‍ത്താവിനും ജോലിയുള്ളവര്‍ തുടങ്ങിയവരാണ് കുടുംബവുമായി സൗദിയില്‍ തുടരുന്ന മറ്റൊരു വിഭാഗം.
സ്‌കൂള്‍ ഫീസും ട്രാന്‍സ്‌പോര്‍ട്ടേഷനും ഉള്‍പ്പടെ ഒരു കുട്ടിക്ക് ഏറ്റവും കുറഞ്ഞത് 550 സൗദി റിയാല്‍ ശരാശരി 10,500 ഇന്ത്യന്‍ രൂപ ചെലവ് വരും. ഫീസും മറ്റു ചെലവുകളും സ്‌കൂളുകളുടെ കാറ്റഗറി അനുസരിച്ചു ഉയരും. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവരാണ് കൂടുതലും. വലിയ ഒരു തുക ഇതിനായി മാത്രം മാറ്റി വെക്കണം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഫീസ് അടയ്ക്കാനാകാതെ വലയുകയാണ് കുടുംബങ്ങള്‍. ഫീസ് പൂര്‍ണമായും നല്‍കാതെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ ഫീസടക്കാത്തവരായി പലരും തുടരുന്നുണ്ട്.
നിലവിലെ അവസ്ഥ മനസ്സിലാക്കി പല സ്‌കൂളുകളും ഫീസ് അടക്കാന്‍ സാവകാശം അനുവദിക്കുന്നുണ്ട്. ഫീസ് വൈകിയാലുള്ള പിഴയുടെ അമ്പത് ശതമാനം വരെ ഒഴിവാക്കി നല്‍കിയും സഹായിക്കുന്നുണ്ട്. സ്‌കൂളുകള്‍ക്ക് ലക്ഷക്കണക്കിന് റിയാലാണ് ഫീസ് ഇനത്തില്‍ കിട്ടാനുള്ളത്. എന്നാല്‍ ഈ അവസ്ഥ തുടരുന്നത് സ്‌കൂളുകള്‍ക്കും ഭീഷണിയാണ്. മുഴുവന്‍ തുകയും അടക്കാതെ സ്‌കൂളുകള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കില്ല. ഇത് കുട്ടികളുടെ തുടര്‍ പഠനത്തെ ബാധിക്കും എന്നതും പ്രവാസി കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധിയാണ്.