മനാമ: ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ ജുവലറി ഉടമയെ മര്‍ദ്ദിച്ച് 10,000 ദിനാറിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ജുവലറി ഷോപ്പ് ഉടമയായ രജനികാന്ത് കിച്ചാഡിയ(59)യാണ് കവര്‍ച്ചക്കിരയായത്. ഇദ്ദേഹത്തിന്റെ കടക്കു പുറത്ത്, മനാമയിലെ ജവാദ് ഹൗസിന് എതിര്‍വശത്ത് ഇന്നലെ രാവിലെ 11.40ഓടെയാണ് സംഭവം.

നാലു പേരടങ്ങുന്ന അഞ്ജാത സംഘമാണ് അക്രമം നടത്തിയത്. ഇവര്‍ രജനികാന്തിന്റെ തലയില്‍ അടിച്ചശേഷം കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായി രക്ഷപ്പെട്ടു. സംഭവത്തില്‍ ഇയാളുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. കിച്ചാടിയ വാതിലിനടുത്ത് സ്വര്‍ണാഭരണങ്ങളുമായി മകന്റെ വര്‍ക്കുഷോപ്പിലേക്കു പോകാന്‍ കാത്തിരിക്കുമ്പോഴായിരുന്നു കവര്‍ച്ചക്കിരയായത്.

ഒരു വര്‍ഷത്തിനിടെ മനാമയില്‍ നടക്കുന്ന അഞ്ചാമത്തെ സംഭവമാണിതെന്ന് വ്യാപാരികള്‍ പറയുന്നു. കവര്‍ച്ചക്കിരയായവരെല്ലാം അമ്പതു വയസിനു മുകളില്‍ പ്രായമുള്ളവര്‍. ഇതുവരെ ഈ കേസുകളിലൊന്നും തുമ്പുണ്ടാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.

ഡിസ്‌കവര്‍ ഇസ്‌ലാം പ്രഭാഷണ പരമ്പര തുടങ്ങി

മനാമ: ഡിസ്‌കവര്‍ ഇസ്‌ലാം സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരക്ക് തുടക്കമായി. ഇന്ന് ജുമുഅക്ക് ശേഷം സാര്‍ പള്ളിയില്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഡോ.തൗഫീഖ് ചൗധരി (ആസ്‌ട്രേലിയ) ‘പ്രവാചകെന്റ കണ്ണുനീര്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. മേഴ്‌സി മിഷന്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ സി.ഇ.ഒയും മലേഷ്യയിലെ ആദ്യ സ്വകാര്യ മാതൃഫശിശു ആശുപത്രിയായ അന്‍ഡോറ ഹോസ്പിറ്റലിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറുമാണ് ചൗധരി.

ഏപ്രില്‍ ഒന്നിനു വൈകീട്ട് 7.30ന് മുഹറഖ് എലീറ്റ് സ്പാ ആന്റ് റിസോര്‍ട്ടില്‍ നടക്കുന്ന പരിപാടിയിലും അദ്ദേഹം സംസാരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇസ്ലാമിക് ഫിനാന്‍സ്, വ്യക്തിനിയമം,മെഡിക്കല്‍ എത്തിക്‌സ് എന്നീ രംഗങ്ങളില്‍ നിരവധി പരിപാടികള്‍ നടത്തിയിട്ടുള്ള ചൗധരിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ രണ്ടിന്‌ വൈകീട്ട് 5.30 മുതല്‍ 9.30 വരെ റിജന്‍സി ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ ലഘു ശില്‍പ്പശാല നടക്കും. റജിസ്‌ട്രേഷന് 36914494 എന്ന നമ്പറില്‍ വിളിക്കാം. വിവരങ്ങള്‍ക്ക്: 17537373, 36221399,3 960581.

ഹൃദയാഘാതം: കൊല്ലം സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുകയായിരുന്ന കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കരുനാഗപ്പള്ളി കോഴിക്കോട് ഗ്രെയ്‌സ് വില്ലയില്‍ മനയില്‍ പടീറ്റതില്‍ തോമസ് ജോണാ(56)ണ് മരിച്ചത്. വൈകീട്ട് കമ്മീസിലെ താമസ സ്ഥലത്തു വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

35 വര്‍ഷമായി ബഹ്‌റൈനിലുള്ള ഇദ്ദേഹം നേരത്തെ ബറ്റല്‍കോയില്‍ ജോലി ചെയ്തിരുന്നു. പിന്നീട് കവാജനിയാസ് എന്ന കള്‍സ്ട്രകഷന്‍ കമ്പനി നടത്തുകയായിരുന്നു.

ഭാര്യ: റേച്ചല്‍ തോമസ് (ആലിയ സ്‌കൂള്‍, ബഹ്‌റൈന്‍) മക്കള്‍: ജസിന്‍ത് തോമസ് (ബിഐബിഎഫ് ബഹ്‌റൈന്‍, )ജസ്സാന്‍ തോമസ് (ബിഐബിഎഫ്), ജന്നാ തോമസ് (പ്ലസ് ടു ഇന്ത്യന്‍ സ്‌കൂള്‍). സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. സംസ്‌കാരം പിന്നീട് കരുനാഗപ്പള്ളി ടിപിഎം ചര്‍ച്ചില്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ